ബ്രിട്ടീഷ് കൊളംബിയയിലെ താഴ്ന്ന, ഇടത്തരം വരുമാനമുള്ളവര്‍ക്ക് ഹോം ഹീറ്റിംഗ്, കൂളിംഗ് സിസ്റ്റങ്ങള്‍ക്കായി ഫെഡറല്‍, പ്രൊവിന്‍ഷ്യല്‍ സര്‍ക്കാരുകള്‍ റിബേറ്റുകള്‍ വാഗ്ദാനം ചെയ്തു. പുതിയ ധനസഹായത്തില്‍ 103.7 മില്യണ്‍ ഡോളര്‍ ഫെഡറല്‍ സര്‍ക്കാര്‍ നല്‍കും. 151 മില്യണ്‍ ഡോളര്‍ പ്രവിശ്യ സര്‍ക്കാര്‍ നല്‍കുമെന്നും ബീസി ഊര്‍ജമന്ത്രാലയം അറിയിച്ചു. ഈ ധനസഹായം ഗ്രാന്റുകള്‍ നല്‍കുന്നതിന് ഉപയോഗിക്കുമെന്ന് ഫെഡറല്‍ എണ്‍വയോണ്‍മെന്റ് ആന്‍ഡ് ക്ലൈമറ്റ് ചേഞ്ച് മിനിസ്റ്റര്‍ സ്റ്റീവന്‍ ഗില്‍ബോള്‍ട്ട് പറഞ്ഞു.
നിലവില്‍ ഓയില്‍ ഉപയോഗിച്ച് ചൂടാക്കുന്ന വീടുകളില്‍ ഉയര്‍ന്ന കാര്യക്ഷമതയുള്ള ഹീറ്റ് പമ്പുകള്‍ സ്ഥാപിക്കുന്നതിന് വരുമാന മാനദണ്ഡങ്ങള്‍ പാലിക്കുന്ന അപേക്ഷകര്‍ക്ക് 16000 ഡോളര്‍ വരെ റിബേറ്റ് ലഭിക്കും. കൂടാതെ പ്രകൃതിവാതകവും പ്രൊപ്പയ്‌നും ഉപയോഗിച്ച് ചൂടാക്കുന്ന വീട്ടുടമസ്ഥര്‍ക്കും ഈ തുകയ്ക്ക് അര്‍ഹത ഉണ്ടായിരിക്കും.
പ്രവിശ്യ ഇതിനകം ക്ലീന്‍ബിസി ബെറ്റര്‍ ബില്‍ഡിംഗ് പ്രോഗ്രാം വാഗ്ദാനം ചെയ്യുന്നുണ്ടെന്ന് ഊര്‍ജമന്ത്രി ഓസി ഒസ്‌ബോണ്‍ പറഞ്ഞു. കൂടാതെ, ഊര്‍ജ-കാര്യക്ഷമമായ ജനലുകളും വാതിലുകളും സ്ഥാപിക്കല്‍, ഇന്‍സുലേഷന്‍, വെന്റിലേഷന്‍ എന്നിവ പോലുള്ള നവീകരണങ്ങള്‍ക്കും ക്ലീന്‍ബിസി ബെറ്റര്‍ ഹോംസ് എനര്‍ജി സേവിംഗ്‌സ് പ്രോഗ്രാം വഴി തുക നല്‍കുമെന്നും മന്ത്രി അറിയിച്ചു.