ബോക്സ് ഓഫീസില്‍ ആ നേട്ടം കൊയ്‍ത് 'അറണ്‍മണൈ 4'

By: 600007 On: May 13, 2024, 5:19 PM

 

തമിഴ് സിനിമയെ സംബന്ധിച്ച് പരീക്ഷണകാലമായിരുന്നു ഈ വര്‍ഷം ഇതുവരെ. ഒന്നാം നിര താരങ്ങളുടെ പ്രധാന ചിത്രങ്ങള്‍ വരാതിരിക്കുകയും ധനുഷ്, ശിവകാര്‍ത്തികേയന്‍ അടക്കമുള്ള താരങ്ങളുടെ ചിത്രങ്ങള്‍ വേണ്ട രീതിയില്‍ പ്രേക്ഷകശ്രദ്ധ നേടാതിരിക്കുകയും ചെയ്ത സമയത്ത് സര്‍പ്രൈസ് ഹിറ്റുകളും സംഭവിച്ചിരുന്നില്ല. മഞ്ഞുമ്മല്‍ ബോയ്സ് അടക്കമുള്ള ചിത്രങ്ങളിലൂടെ മലയാള സിനിമ തമിഴ്നാട്ടില്‍ ചര്‍ച്ചയായപ്പോഴും തമിഴ് സിനിമയില്‍ നിന്ന് ആളെക്കൂട്ടിയത് റീ റിലീസുകള്‍ മാത്രമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അക്കാര്യത്തില്‍ മാറ്റം സംഭവിച്ചുതുടങ്ങിയിരിക്കുകയാണ്. ഇപ്പോള്‍ തിയറ്ററുകളിലുള്ള രണ്ട് ചിത്രങ്ങള്‍ അതിന് തെളിവാകുന്നുണ്ട്. 

സുന്ദര്‍ സി സംവിധാനം ചെയ്ത്, നായകനായി എത്തിയ ഹൊറര്‍ കോമഡി ചിത്രം അറണ്‍മണൈ 4, യുവതാരം കവിനെ നായകനാക്കി എലാന്‍ സംവിധാനം ചെയ്ത കമിം​ഗ് ഓഫ് ഏജ് ഡ്രാമ സ്റ്റാര്‍ എന്നീ ചിത്രങ്ങളെ പ്രേക്ഷകര്‍ സ്വീകരിച്ചിരിക്കുകയാണ്. ഇപ്പോഴിതാ അറണ്‍മണൈ 4 ന്‍റെ ഏറ്റവും പുതിയ ബോക്സ് ഓഫീസ് കണക്കുകള്‍ പുറത്തെത്തിയിട്ടുണ്ട്. മെയ് 3 ന് തിയറ്ററുകളിലെത്തിയ ചിത്രം ഇന്ത്യയില്‍ നിന്ന് ഇതുവരെ നേടിയിരിക്കുന്നത് 50 കോടിയാണ്.

രണ്ടാം വാരാന്ത്യത്തിലെ മികച്ച പ്രകടനമാണ് ചിത്രത്തെ അഭിയന്തര ബോക്സ് ഓഫീസില്‍ നിന്ന് 50 കോടി ക്ലബ്ബില്‍ എത്തിച്ചിരിക്കുന്നത്. ആദ്യ നാപം 37.75 കോടി നേടിയ ചിത്രം രണ്ടാം വാരാന്ത്യദിനങ്ങളില്‍ നിന്ന് മറ്റൊരു 12.25 കോടിയും നേടി. കളക്ഷന്‍റെ ബഹുഭൂരിപക്ഷവും തമിഴ്നാട്ടില്‍ നിന്ന് തന്നെയാണ് എത്തിരിയിരിക്കുന്നത്. 41.5 കോടി. ഈ വര്‍ഷത്തെ ഏത് ഭാഷാ ചിത്രങ്ങളുമെടുത്താല്‍ തമിഴ്നാട് കളക്ഷനില്‍ മൂന്നാം സ്ഥാനത്ത് എത്തിയിട്ടുണ്ട് അറണ്‍മണൈ 4. മഞ്ഞുമ്മല്‍ ബോയ്സ് ആണ് ഈ വര്‍ഷം ഇതുവരെയുള്ള റിലീസുകളില്‍ തമിഴ്നാട്ടില്‍ നിന്ന് ഏറ്റവും കളക്ഷന്‍ നേടിയ സിനിമ. രണ്ടാം സ്ഥാനത്ത് ശിവകാര്‍ത്തികേയന്‍ ചിത്രം അയലാനും. രണ്ടാം വാരത്തിലും ചിത്രം ബോക്സ് ഓഫീസില്‍ മികച്ച പ്രകടനം നടത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.