വെബ്‌സൈറ്റ് വഴി ആഢംബര വില്ല ബുക്ക് ചെയ്തു: ഒന്റാരിയോ സ്വദേശിക്ക് 7,700 ഡോളര്‍ നഷ്ടമായി 

By: 600002 On: May 13, 2024, 11:12 AM

 


വെബ്‌സൈറ്റ് വഴി ആഢംബര വില്ല ബുക്ക് ചെയ്ത ഒന്റാരിയോ സ്വദേശിക്ക് 7,700 ഡോളറിലധികം നഷ്ടമായി. ബുക്കിംഗ്.കോം എന്ന വെബ്‌സൈറ്റ് വഴി വില്ല ബുക്ക് ചെയ്ത മിഡ്‌ലാന്‍ഡിനടുത്തുള്ള ടിനി സ്വദേശി ബാരി ഗുഡിനാണ് പണം നഷ്ടമായത്. വെബ്‌സൈറ്റില്‍ ലിസ്റ്റ് ചെയ്ത വില്ലയ്ക്കായി പണം നല്‍കിയതിന് ശേഷമാണ് ലിസ്റ്റിംഗ് വ്യാജമാണെന്ന് താന്‍ തിരിച്ചറിഞ്ഞതെന്ന് ഗുഡ് പറയുന്നു. നിയമാനുസൃതമായാണ് ലിസ്റ്റിംഗ് കാണപ്പെട്ടത്. അതിനാലാണ് താന്‍ തെറ്റിദ്ധരിക്കപ്പെട്ടതെന്ന് ഗുഡ് പറഞ്ഞു. 

കോസ്റ്റാറിക്കയിലാണ് ആഡംബര വില്ല ബുക്ക് ചെയ്തത്. ജനുവരി അവസാനത്തോടെ മൂന്ന് ആഴ്ചത്തെ വെക്കേഷനായാണ് കോസ്റ്റാറിക്കയില്‍ പോകാന്‍ തീരുമാനിച്ചത്. എന്നാല്‍ ബുക്ക് ചെയ്യുന്ന സമയത്ത് വാട്‌സ്ആപ്പ് ഉപയോഗിച്ചായിരുന്നു ആശയവിനിമയം നടത്തിയതെന്ന് ഗുഡ് വ്യക്തമാക്കി. വാട്‌സ്ആപ്പ് വഴി പേയ്‌മെന്റ് ഉള്‍പ്പെടെ നടത്തിയതിന് ശേഷമാണ് ചതിക്കപ്പെട്ടത് മനസ്സിലായത്. 

വെബ്‌സൈറ്റില്‍ കാണിച്ചിരുന്ന ചിത്രങ്ങള്‍ അല്ല പിന്നീട് കണ്ടതെന്നും വെബ്‌സൈറ്റ് വഴി പരാതിപ്പെട്ടപ്പോള്‍ നഷ്ടപരിഹാരമായി 500 ഡോളര്‍ നല്‍കാമെന്നാണ് പറഞ്ഞത്. എന്നാല്‍ താന്‍ അത് വിസമ്മതിച്ചതിന് ശേഷമാണ് അടച്ച പണം തിരികെ ലഭിച്ചതെന്നും ഗുഡ് പറയുന്നു. 

അതേസമയം, സംഭവത്തില്‍ ക്ഷമാപണം നടത്തിയതായി ബുക്കിംഗ്.കോം വെബ്‌സൈറ്റ് അറിയിച്ചു. തങ്ങളുടെ പ്ലാറ്റ്‌ഫോം സുരക്ഷിതവും വിശ്വാസയോഗ്യവുമാണെന്നും ഗുഡിന്റെ പരാതിയില്‍ പൂര്‍ണ്ണമായും റീഫണ്ട് പ്രോസസ് ചെയ്തിട്ടുണ്ടെന്നും കമ്പനി വിശദീകരിച്ചു.