പുല്‍ത്തകിടികള്‍ പരമാവധി ഒഴിവാക്കി ജല ഉപഭോഗം കുറയ്ക്കാന്‍ ആവശ്യപ്പെട്ട് ആല്‍ബെര്‍ട്ട സിറ്റികള്‍

By: 600002 On: May 13, 2024, 9:49 AM

 


ആല്‍ബെര്‍ട്ടയിലെ നഗരങ്ങളായ കോക്രൈന്‍, ഒകോടോക്‌സ് എന്നിവ ജലഉപഭോഗം കുറയ്ക്കാന്‍ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. വരള്‍ച്ച രൂക്ഷമാകുന്ന സാഹചര്യത്തില്‍ വെള്ളത്തിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കുന്ന ബദല്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ സിറ്റികള്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. പുല്‍ത്തകിടികള്‍ വളര്‍ത്തുന്നത് പരമാവധി കുറച്ച് വരള്‍ച്ചയെ പ്രതിരോധിക്കാന്‍ ശേഷിയുള്ള ചെടികള്‍ വാങ്ങിക്കാന്‍ സിറ്റി പ്രോത്സാഹിപ്പിക്കുകയാണ്. ജല ഉപയോഗം കുറയ്ക്കാന്‍ ആഗ്രഹിക്കുന്ന നിവാസികള്‍ക്ക് ലോണ്‍ ആള്‍ട്ടര്‍നേറ്റീവ് റിബേറ്റ് ഉള്‍പ്പെടെ കോക്രൈന്‍ സിറ്റി ആറ് റിബേറ്റുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ഒകോടോക്‌സും സമാനമായ പ്രോത്സാഹന പദ്ധതികള്‍ ജനങ്ങള്‍ക്കായി വാഗ്ദാനം ചെയ്യുന്നു.

ജലം കൂടുതല്‍ ആവശ്യമുള്ള പുല്‍ത്തകിടികള്‍ നീക്കം ചെയ്യാന്‍ സഹായിക്കുന്നതിന് അതോറിറ്റിയില്‍ നിന്നും ധനസഹായം വാഗ്ദാനം ചെയ്യുന്നുണ്ട്. ആവശ്യമുള്ളവരുടെ പേരുകള്‍ വെയ്റ്റ് ലിസ്റ്റില്‍ ഉണ്ടെന്ന് ഒകോടോക്‌സ് ടൗണ്‍ എണ്‍വയോണ്‍മെന്റ് ടീം ലീഡര്‍ ജിന്നി ടോഫല്‍മെര്‍ പറഞ്ഞു. 

അതേസമയം, കാല്‍ഗറിയില്‍ റെയിന്‍ ബാരലുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാല്‍ റിബേറ്റുകളൊന്നുമില്ല. ഒകോടോക്‌സും കോക്രൈനും റെയിന്‍ ബാരലുകള്‍ വിതരണം ചെയ്യുന്നില്ലെങ്കിലും റിബേറ്റുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.