നിക്ഷേപ തട്ടിപ്പ്: ടൊറന്റോ നിവാസിക്ക് 200,000 ഡോളര്‍ നഷ്ടമായി; പ്രതിയായ ഇന്ത്യന്‍ വംശജന്‍ അറസ്റ്റില്‍ 

By: 600002 On: May 11, 2024, 12:47 PM

 


ആഗോള നിക്ഷേപ കമ്പനിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് ടൊറന്റോ സ്വദേശിയില്‍ നിന്നും 2,00,000 ഡോളര്‍ തട്ടിപ്പ് നടത്തിയ ഇന്ത്യന്‍ വംശജനെ പോലീസ് അറസ്റ്റ് ചെയ്തു. ബ്രാംപ്ടണില്‍ താമസിക്കുന്ന 24 വയസ്സുകാരനായ പഞ്ചാബ് സ്വദേശി അര്‍വീന്ദര്‍ സിംഗിനെയാണ് ടൊറന്റോ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ തട്ടിപ്പ്, കുറ്റകൃത്യം വഴി ലഭിച്ച പണം കൈവശം വെക്കല്‍, കള്ളപ്പണം കൈവശം വെക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി. നിരവധി വ്യാജ നിക്ഷേപങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്റര്‍നെറ്റ് സെര്‍ച്ച് എഞ്ചിന്‍ പ്രൊവൈഡറുമായി ചേര്‍ന്ന് പരസ്യം നല്‍കിയതായി ടൊറന്റോ പോലീസ് പറഞ്ഞു. 

പരസ്യത്തില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ നിക്ഷേപ സൈറ്റുകളില്‍ അവരുടെ പേര്, ഫോണ്‍ നമ്പര്‍, അഡ്രസ് തുടങ്ങിയ വ്യക്തിഗത, സാമ്പത്തിക വിവരങ്ങള്‍ നല്‍കാന്‍ ആളുകളെ പ്രേരിപ്പിക്കും. വിവരം നല്‍കുന്ന ആളുകളെ നിക്ഷേപം നടത്താന്‍ പ്രോത്സാഹിപ്പിക്കുകയും ഇതുവഴി പണം തട്ടുകയുമാണ് പ്രതി ചെയ്തിരുന്നത്. സിംഗിനെ കൂടാതെ വേറെയും പ്രതികളുണ്ടെന്നാണ് കരുതുന്നതെന്നും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.