ബീസി സര്‍ക്കാര്‍ വെബ്‌സൈറ്റുകളില്‍ സൈബര്‍ ആക്രമണം; വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്നിട്ടില്ലെന്ന് പ്രാഥമിക നിഗമനം 

By: 600002 On: May 11, 2024, 10:58 AM

 


സര്‍ക്കാരിന്റെ നെറ്റ്‌വര്‍ക്കുകളില്‍ സൈബര്‍ ആക്രമണം നേരിട്ടതായി ബ്രിട്ടീഷ് കൊളംബിയ സര്‍ക്കാര്‍. തുടര്‍ച്ചയായ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ അന്വേഷകര്‍ കനേഡിയന്‍ സൈബര്‍ സെക്യൂരിറ്റി സെന്റര്‍ ഫോര്‍ സൈബര്‍ സെക്യൂരിറ്റിയുടെ സഹായത്തോടെ സൈബര്‍ ആക്രമണത്തെ നേരിടുകയാണെന്ന് പ്രീമിയര്‍ ഡേവിഡ് എബി പറഞ്ഞു. 

വിവിധ സര്‍ക്കാര്‍ മന്ത്രാലയങ്ങള്‍, ഏജന്‍സികള്‍, അവയുടെ അനുബന്ധ വെബ്‌സൈറ്റുകള്‍, നെറ്റ്‌വര്‍ക്കുകള്‍, സെര്‍വറുകള്‍ എന്നിവയില്‍ ഏകദേശം 1.5 ബില്യണ്‍ ഹാക്കിംഗ് ശ്രമങ്ങള്‍ നേരിടുന്നുണ്ടെന്ന് സര്‍ക്കാര്‍ സ്ഥിരീകരിച്ചു. വ്യക്തിഗത വിവരങ്ങള്‍ നിലവില്‍ ചോര്‍ന്നിട്ടില്ലെന്നാണ് കരുതുന്നതെന്ന് പബ്ലിക് സേഫ്റ്റി മിനിസ്റ്റര്‍ മൈക്ക് ഫാണ്‍വര്‍ത്ത് അറിയിച്ചു. സൈബര്‍ ആക്രമണത്തെക്കുറിച്ച് പ്രൊവിന്‍ഷ്യല്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പ്രൈവസി കമ്മീഷണറുടെ ഓഫീസിനെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതുവരെ മോചനദ്രവ്യമൊന്നും ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ സംവിധാനം സുരക്ഷിതമാക്കുക എന്നതിനാണ് പ്രഥമ പരിഗണനയെന്നും ഫാണ്‍വര്‍ത്ത് വ്യക്തമാക്കി.