ആല്‍ബെര്‍ട്ടയിലെ തൊഴിലില്ലായ്മാ നിരക്ക് ഏപ്രിലില്‍ ഉയര്‍ന്നു; കാല്‍ഗറിയിലും തൊഴിലില്ലായ്മാ നിരക്കില്‍ വര്‍ധന 

By: 600002 On: May 11, 2024, 10:22 AM


ആല്‍ബെര്‍ട്ടയിലെ തൊഴിലില്ലായ്മ നിരക്ക് മാര്‍ച്ച് മാസത്തിലെ 6.3 ശതമാനത്തില്‍ നിന്ന് ഏപ്രിലില്‍ ഏഴ് ശതമാനമായി ഉയര്‍ന്നതായി സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ റിപ്പോര്‍ട്ട്. കഴിഞ്ഞ മാസം ആല്‍ബെര്‍ട്ടയില്‍ തൊഴിലവസരങ്ങളുടെ എണ്ണത്തെക്കാള്‍ തൊഴിലന്വേഷകരുടെ എണ്ണം വര്‍ധിച്ചതാണ് തൊഴിലില്ലായ്മാ നിരക്ക് ഉയരാന്‍ കാരണമായതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ദേശീയ തൊഴിലില്ലായ്മാ നിരക്ക് 6.1 ശതമാനമായി മാറ്റമില്ലാതെ തുടരുന്നതായി സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ വ്യക്തമാക്കി. 

കാനഡയിലെ പ്രധാന നഗരങ്ങളില്‍ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മാ നിരക്ക് കാല്‍ഗറിയിലാണെന്ന് സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ പറയുന്നു. മുന്‍ മാസത്തെ അപേക്ഷിച്ച് 1.2 ശതമാനം വര്‍ധിച്ച് ഏപ്രിലില്‍ 7.7 ശതമാനമായി തൊഴിലില്ലായ്മാ നിരക്ക് വര്‍ധിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതോടെ ദേശീയ തലത്തില്‍ ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ തൊഴിലില്ലായ്മാ നിരക്കുള്ള മെട്രോപൊളിറ്റന്‍ ഏരിയയായി ടൊറന്റോയ്‌ക്കൊപ്പം കാല്‍ഗറിയും എത്തി. അതേസമയം, എഡ്മന്റണില്‍ തൊഴിലില്ലായ്മാ നിരക്ക് 6.4 ശതമാനമായി മാറ്റമില്ലാതെ തുടരുന്നു.