ടൊറന്റോയില്‍ പുല്ലുവെട്ടുന്ന യന്ത്രം, സ്‌നോ ബ്ലോവറുകള്‍ എന്നിവ 90 ശതമാനം വിലക്കിഴിവില്‍ വില്‍ക്കുന്നുവെന്ന പരസ്യവുമായി രംഗത്ത് വന്നിരിക്കുന്ന വ്യാജ വെബ്‌സൈറ്റ്, ഹോണ്ട കാനഡയുമായി ഒരു തരത്തിലും ബന്ധപ്പെട്ടിട്ടില്ലെന്ന് കമ്പനി ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഹോണ്ട കാനഡയുടെ വെബ്‌സൈറ്റിന് സമാനമായി തോന്നിപ്പിക്കുന്ന തരത്തിലുള്ള വെബ്‌സൈറ്റാണ് പ്രചരിക്കുന്നത്.
ഹോണ്ടയുടെ ബ്രാന്‍ഡില്‍ കൊടുത്തിരിക്കുന്ന 1,000 ഡോളറിന് മുകളില്‍ വില വരുന്ന പുല്‍ത്തകിടി യന്ത്രത്തിന് വ്യാജ വെബ്‌സൈറ്റില്‍ വില 88 ഡോളറാണ്. റീട്ടെയ്ല്‍ വില 9,000 ഡോളറിന് മുകളിലുള്ള സ്‌നോ ബ്ലോവറിന് വ്യാജ വെബ്‌സൈറ്റില്‍ 126 ഡോളറാണ് വില. ഹോണ്ട കാനഡയുടേതെന്ന് കരുതി നിരവധി ആളുകള്‍ കബളിപ്പിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് കമ്പനി വ്യക്തമാക്കി.
വ്യാജ വെബ്‌സൈറ്റാണിതെന്നും ഹോണ്ട കാനഡയുമായി ബന്ധമില്ലെന്നും ഹോണ്ട കാനഡ പ്രതികരിച്ചു. കൂടാതെ, തങ്ങളുടെ ഡീലര്‍മാരുമായോ, ഏതെങ്കിലും പങ്കാളിയുമായോ ബന്ധമില്ലെന്നും അറിയിച്ചു. ഹോണ്ടയുടെ ഉല്‍പ്പന്നങ്ങളെക്കുറിച്ച് അറിയാന്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ ഒരു അംഗീകൃത ഹോണ്ട ഡീലറെ സന്ദര്‍ശിക്കുകയോ Honda.ca എന്ന തങ്ങളുടെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ ചെയ്യണമെന്നും കമ്പനി അറിയിച്ചു.