വാടക വളര്‍ച്ചയില്‍ ആല്‍ബെര്‍ട്ടയെ പിന്തള്ളി സസ്‌ക്കാച്ചെവന്‍ മുന്നില്‍: റിപ്പോര്‍ട്ട് 

By: 600002 On: May 11, 2024, 8:18 AM

 


കാനഡയിലുടനീളമുള്ള 35 നഗരങ്ങളിലെ വാടക നിരക്ക് താരതമ്യം ചെയ്യുന്ന 2024 മെയ് മാസത്തെ റെന്റ് റിപ്പോര്‍ട്ട് Rentals.ca പുറത്തിറക്കി. ഒന്റാരിയോയിലെയും ബ്രിട്ടീഷ് കൊളംബിയയിലെയും നഗരങ്ങള്‍ കാനഡയിലെ ഏറ്റവും ഉയര്‍ന്ന വാടക നിരക്കുകളുടെ പട്ടികയില്‍ ആദ്യ പത്തില്‍ ഉള്‍പ്പെട്ടു. എന്നാല്‍ പ്രവിശ്യാ അടിസ്ഥാനത്തില്‍ ഏപ്രിലിലെ വാര്‍ഷിക വാടക വളര്‍ച്ചയില്‍ ആല്‍ബെര്‍ട്ടയെ പിന്തള്ളി സസ്‌ക്കാച്ചെവന്‍ മുന്നിലെത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 18.4 ശതമാനം വര്‍ധനയാണ് വാടക നിരക്കിലുണ്ടായത്. എങ്കിലും സസ്‌ക്കാച്ചെവനിലെ അപ്പാര്‍ട്ട്‌മെന്റുകള്‍ക്ക് ശരാശരി ചോദിക്കുന്ന വാടക 1,300 ഡോളറായി തുടരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 

അതേസമയം, ആല്‍ബെര്‍ട്ടയില്‍ ശരാശരി അപ്പാര്‍ട്ട്‌മെന്റുകളുടെ വാടക നിരക്ക് 1,746 ആയിരുന്നു. 16.4 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ഏപ്രിലില്‍ ശരാശരി 2,507 ഡോളര്‍ എന്ന നിരക്കില്‍ അപ്പാര്‍ട്ട്‌മെന്റുകള്‍ക്കായി ഏറ്റവും കൂടുതല്‍ വാടക ചോദിക്കുന്ന സ്ഥലമായി ആല്‍ബെര്‍ട്ടയുടെ വെസ്റ്റ് കോസ്റ്റ് സ്ഥാനം നിലനിര്‍ത്തി. വാടക നിരക്കില്‍ മുമ്പുള്ളതിനേക്കാള്‍ 1.6 ശതമാനം വര്‍ധനയാണ് ഉണ്ടായത്. 

വാന്‍കുവറിലാണ് രാജ്യത്തെ ഏറ്റവും കൂടുതല്‍ വാടക നിരക്ക് റിപ്പോര്‍ട്ട് ചെയ്തത്. നഗരത്തില്‍ വണ്‍-ബെഡ്‌റൂം അപ്പാര്‍ട്ട്‌മെന്റ് വാടക നിരക്ക് 2,646 ഡോളറാണ്. അതേസമയം, വണ്‍-ബെഡ്‌റൂം അപ്പാര്‍ട്ട്‌മെന്റിന് 1,736 ഡോളര്‍ നിരക്കില്‍ കാല്‍ഗറി 25 ആം സ്ഥാനത്തും, 1,353 ഡോളര്‍ നിരക്കില്‍ എഡ്മന്റണ്‍ 31 ആം സ്ഥാനത്തും എത്തി.