ഫലസ്തീന് രാഷ്ട്രപദവി നൽകുന്ന പ്രമേയത്തിന് യു.എൻ പൊതുസഭയിൽ അംഗീകാരം

By: 600007 On: May 11, 2024, 4:17 AM

ന്യൂയോർക്: ഫലസ്തീന് രാഷ്ട്രപദവി നൽകുന്ന പ്രമേയത്തിന് യു.എൻ പൊതുസഭയിൽ അംഗീകാരം. പൊതുസഭയിലെ വോട്ടെടുപ്പിൽ 143 രാജ്യങ്ങൾ പ്രമേയത്തിന് അനുകൂലമായി വോട്ടു ചെയ്തു. അമേരിക്കയും ഇസ്രായേലും ഉൾപ്പെടെ ഒമ്പത് രാജ്യങ്ങൾ പ്രമേയത്തെ എതിർത്തു. 25 രാജ്യങ്ങൾ വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നു. യു.എൻ അറബ് ഗ്രൂപ്പിന്റെ നിലവിലെ ചെയർമാനായ യു.എ.ഇയാണ് പ്രമേയം തയാറാക്കിയത്.

പ്രമേയം പാസായതോടെ ഫലസ്തീന് കൂടുതൽ അവകാശങ്ങളും പദവികളും കൈവരും. ഫലസ്തീന് ഐക്യരാഷ്ട്ര സഭയിൽ പൂർണ അംഗത്വം ലഭിക്കുന്നതിനുള്ള ആദ്യ ചുവടുവെപ്പായാണ് ഇതിനെ വിലയിരുത്തുന്നത്. യു.എൻ സുരക്ഷ കൗൺസിൽ അംഗീകരിച്ചാൽ മാത്രമേ ഒരു രാഷ്ട്രത്തിന് പൂർണ അംഗത്വം നൽകാൻ പൊതുസഭക്ക് കഴിയുകയുള്ളൂ.

അതേസമയം, പ്രമേയം ഫലസ്തീന് പുതിയ നയതന്ത്ര ആനുകൂല്യങ്ങൾ നൽകുന്നു. അവർക്ക് ഇപ്പോൾ അക്ഷരമാല ക്രമത്തിൽ അംഗരാജ്യങ്ങൾക്കിടയിൽ ഇരിക്കാനും ഏതു വിഷയത്തിലും പൊതുസഭയിലെ യോഗങ്ങളിൽ സംസാരിക്കാനും കഴിയും. നിർദേശങ്ങളും ഭേദഗതികളും സമർപ്പിക്കുകയുമാകാം. അസംബ്ലിയും മറ്റ് ഐക്യരാഷ്ട്ര സംഘടനകളും സംഘടിപ്പിക്കുന്ന യു.എൻ കോൺഫറൻസുകളിലും അന്താരാഷ്ട്ര സമ്മേളനങ്ങളിലും പങ്കെടുക്കാനും പ്രമേയം പാസായതിലൂടെ ഫലസ്തീന് കഴിയും. ഫലസ്തീൻ നിലവിൽ ഐക്യരാഷ്ട്രസഭയുടെ അംഗീകൃതമല്ലാത്ത നിരീക്ഷക രാഷ്ട്രമാണ്. 2012ലാണ് പൊതുസഭ ഈ പദവി അനുവദിച്ചത്.

ലോകം ഫലസ്തീൻ ജനതക്കൊപ്പമാണ് നിലകൊള്ളുന്നതെന്ന് ഫലസ്തീൻ പ്രസിഡന്‍റ് മഹമൂദ് അബ്ബാസ് പ്രതികരിച്ചു. ഐക്യരാഷ്ട്ര സഭയിൽ സ്ഥിരാംഗത്വത്തിനായുള്ള ശ്രമങ്ങൾ തുടരും. ഫലസ്തീൻ ജനതയുടെ അവകാശങ്ങൾക്കും സ്വാതന്ത്ര്യത്തിനും ഒപ്പമാണ് ലോകജനത നിലകൊള്ളുന്നത് എന്നതിന് തെളിവാണ് പ്രമേയം വലിയ ഭൂരിപക്ഷത്തിൽ പാസായത്. ഇസ്രായേൽ അധിനിവേശത്തിനെതിരാണ് ലോകമെന്നും അദ്ദേഹം പറഞ്ഞു.