എക്സ്' വഴിയും ഇനി കാശുണ്ടാക്കാം; വമ്പൻ അപ്ഡേറ്റുമായി മസ്ക്

By: 600007 On: May 11, 2024, 3:50 AM

 

സോഷ്യൽ മീഡീയ പ്ലാറ്റ് ഫോമായ എക്സ് വഴിയും പണമുണ്ടാക്കാമെന്ന് ടെസ്ല സിഇഒ എലോൺ മസ്ക്. ഇതിനായി എക്സിൽ സിനിമകളും സീരിസുകളും പോസ്റ്റ് ചെയ്താൽ മതിയെന്നാണ് മസ്ക് പറയുന്നത്. സംഭവമെന്താണെന്ന് പിടികിട്ടിയില്ലേ !  യൂട്യൂബിന് സമാനമായി എക്സിൽ  മോണിറ്റൈസേഷന് തുടക്കം കുറക്കുകയാണെന്നാണ് മസ്ക് അറിയിച്ചിരിക്കുന്നത്. പോഡ്കാസ്റ്റുകൾ പോസ്റ്റ് ചെയ്തും മോണിറ്റൈസേഷൻ നേടാമെന്നാണ് മസ്ക് പറയുന്നത്. സഹോദരി ടോസ മസ്ക് ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് മസ്ക് വൻ അപ്ഡേറ്റ് അറിയിച്ചിരിക്കുന്നത്.

സ്ട്രീമിങ് സർവീസായ പാഷൻ ഫ്ലിക്സിന്റെ ഉടമയാണ് ടോസ മസ്ക്. സിനിമകൾ പൂർണമായും എക്സിൽ പോസ്റ്റ് ചെയ്യാനാകുന്ന സംവിധാനത്തിന് തുടക്കം കുറിക്കുമെന്നും എഐ ഓഡിയൻസ് സംവിധാനം എക്സിൽ കൊണ്ടുവരുമെന്നും മസ്ക് പോസ്റ്റിൽ പറയുന്നു. പരസ്യങ്ങൾ ഒരു പ്രത്യേക വിഭാഗം ആളുകളിലേക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ എത്തിക്കുന്ന സംവിധാനമാണ് എ.ഐ ഓഡിയൻസ്. ലിങ്ക്ഡ് ഇന്നിന് എതിരാളിയെ ഒരുക്കാനുള്ള മസ്കിന്റെ ശ്രമം അടുത്തിടെ ചർച്ചയായിരുന്നു. തൊഴിലന്വേഷണത്തിനുള്ള സൗകര്യമാണ് എക്സ് അവതരിപ്പിക്കാനൊരുങ്ങുന്നത്. ഇതിന്റെ ഭാഗമായി പുതിയ ഫീച്ചർ കമ്പനി അവതരിപ്പിച്ചു കഴിഞ്ഞു. 

ലിങ്ക്ഡ്ഇൻ എന്ന പ്രൊഫഷണൽ നെറ്റ് വർക്ക് വെബ്‌സൈറ്റുമായുള്ള മത്സരത്തിന് കൂടിയാണ് ഇതോടെ തുടക്കമാകുന്നത്. വെബ് ഡെവലറായ നിവ ഔജിയാണ് എക്‌സിലെ പുതിയ ഫീച്ചറിനെ പരിചയപ്പെടുത്തിയിരിക്കുന്നത്. ഈ ഫീച്ചർ തൊഴിലന്വേഷകർക്ക് കൂടുതൽ സഹായകമാകുമെന്നാണ് വിലയിരുത്തൽ.തങ്ങളുടെ അനുഭവ പരിചയത്തിന്റെ അടിസ്ഥാനത്തിൽ സെർച്ച് റിസൽട്ട് ഫിൽട്ടർ ചെയ്യാനുമാകും. പ്രത്യേകം കമ്പനികളിൽ നിന്നുള്ള തൊഴിലവസരങ്ങളും തിരയാനാവും. ഈ സൗകര്യങ്ങൾ ലിങ്ക്ഡ്ഇന്നിൽ ലഭ്യമാണ്. 

എക്‌സ് ക്രിയേറ്ററായ ഡോജ് ഡിസൈറും വൈകാതെ എലോൺ മസ്‌കും ഈ പോസ്റ്റ് പങ്കുവെച്ചു.10 ലക്ഷം കമ്പനികളാണ് എക്‌സിൽ ഉദ്യോഗാർഥികളെ തേടുന്നതെന്ന് കഴിഞ്ഞ മാസം എക്‌സ് വെളിപ്പെടുത്തിയിരുന്നു. ഇതിനകം പത്ത് ലക്ഷത്തിലേറെ തൊഴിലവസരങ്ങൾ എക്‌സിൽ പങ്കുവെച്ചു കഴിഞ്ഞു. വിവിധ മേഖലകളിൽ നിന്നുള്ള കമ്പനികൾ  ഉദ്യോഗാർഥികളെ ഈ പ്ലാറ്റ്ഫോമിൽ തേടുന്നുണ്ട്. തൊഴിലന്വേഷണത്തിനുള്ള സൗകര്യത്തിന് പുറമെ ഒട്ടേറെ മറ്റ് ഫീച്ചറുകളും മസ്‌ക് എക്‌സിൽ അവതരിപ്പിച്ചിട്ടുണ്ട്.