ഇസ്രായേല്‍ ആക്രമണം: റഫയില്‍ നിന്ന് 1,10,00 പേര്‍ പലായനം ചെയ്തു

By: 600007 On: May 10, 2024, 6:36 PM

 

ഗസ്സ: ഇസ്രായേല്‍ ആക്രമണം രൂക്ഷാമായതിനെ തുടര്‍ന്ന്‍ റഫയില്‍ നിന്ന് ഏകദേശം 1,10,000 പേര്‍ പലായനം ചെയ്തതായി ഫലസ്തീന്‍ അഭയാര്‍ഥികള്‍ക്കായുള്ള യു.എന്‍ ഏജന്‍സി യു.എന്‍.ആര്‍.ഡബ്‌ള്യു.എ വെള്ളിയാഴ്ച അറിയിച്ചു.

റഫയില്‍ ഇസ്രായേലിന്റെ ബോംബാക്രമണം ശക്തമാകുമ്പോള്‍ ജനം എല്ലാം വിട്ടെറിഞ്ഞ് പോവുകയാണ്. ഗസ്സയില്‍ ഒരിടവും സുരക്ഷിതമല്ല. സാഹചര്യങ്ങള്‍ ക്രൂരമാണ്. ഒരേയൊരു പ്രതീക്ഷ അടിയന്തര വെടിനിര്‍ത്തല്‍ മാത്രമാണെന്നും യു.എന്‍ ഏജന്‍സി പ്രസ്താവനയില്‍ പറഞ്ഞു.

തിങ്കളാഴ്ച കിഴക്കന്‍ റഫയിലെ ഫലസ്തീനികളോട് പലായനം ചെയ്യാന്‍ ഇസ്രായേല്‍ സൈന്യം ഉത്തരവിട്ടിരുന്നു. അടുത്ത ദിവസം ഗസ്സയെയും ഈജിപ്തിനെയും ബന്ധിപ്പിക്കുന്ന റഫ അതിര്‍ത്തിയുടെ നിയന്ത്രണവും സൈന്യം പിടിച്ചെടുത്തു. കൂടാതെ എല്ലാവിധ ഗതാഗത സംവിധാനങ്ങളും തടസ്സപ്പെടുത്തുകയും ചെയ്തു.

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഇസ്രായേല്‍ സൈന്യം ജനങ്ങളോട് പലായനം ചെയ്യാന്‍ ആവശ്യപ്പെടുന്നുണ്ട്. ടെക്‌സ്റ്റ് മെസേജ്, ഫോണ്‍ കോള്‍, ലഘുലേഖകള്‍ എന്നിവയെല്ലാം ഉപയോഗിച്ചാണ് മുന്നറിപ്പ് നല്‍കുന്നത്. ഇസ്രായേല്‍ ആക്രമണത്തെ തുടര്‍ന്ന് വടക്കന്‍ ഗസ്സയില്‍ നിന്ന് പലായനം ചെയ്തവരടക്കം 15 ലക്ഷത്തോളം ഫലസ്തീനികള്‍ തെക്കന്‍ ഗസ്സയിലെ റഫയില്‍ താമസിക്കുന്നുണ്ട്.