കാനഡയിലെ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ റിക്രൂട്ട്‌മെന്റ് തൊഴില്‍ വിപണിയുമായി പൊരുത്തമില്ലാതായി മാറുന്നു: ഡാറ്റ 

By: 600002 On: May 10, 2024, 6:16 PM

 

 

കാനഡയില്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ റിക്രൂട്ട്‌മെന്റ് ബിസിനസ് പ്രോഗ്രാമിലെ തസ്തികകള്‍ നികത്തുന്നതില്‍ മാത്രമായി കേന്ദ്രീകരിക്കുകയാണെന്നും ആരോഗ്യ പരിപാലന മേഖലയിലെയും സ്‌കില്‍ഡ് ട്രേഡുകളിലെയും ഡിമാന്‍ഡുകള്‍ നിറവേറ്റുന്നതില്‍ കാര്യമായൊന്നും ചെയ്യുന്നില്ലെന്നും  ഫെഡറല്‍ ഡാറ്റയെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഫെഡറല്‍ അല്ലെങ്കില്‍ പ്രൊവിന്‍ഷ്യല്‍ സര്‍ക്കാരുകളോ കനേഡിയന്‍ കോളേജുകളോ സര്‍വ്വകലാശാലകളോ രാജ്യത്തിന്റെ തൊഴില്‍ മേഖലകളിലെ ആവശ്യങ്ങള്‍ നിറവേറ്റാനായി അന്താരാഷ്ട്ര വിദ്യാര്‍ത്ഥി റിക്രൂട്ട്‌മെന്റില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടില്ലെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. 

മുമ്പ് പരസ്യമാക്കിയിട്ടില്ലാത്ത കണക്കുകള്‍ കാണിക്കുന്നത്, 2018 മുതല്‍ 2023 വരെയുള്ള എല്ലാ സ്റ്റഡി പെര്‍മിറ്റുകളുടെയും 27 ശതമാനവും ബിസിനസ് സംബന്ധിയായ പ്രോഗ്രാമിലേക്കുള്ളതായിരുന്നു. മറ്റ് മേഖലകളിലേക്ക് വളരെ കുറച്ച് മാത്രമാണ് അംഗീകരിച്ചിരുന്നത്. ഇതേ കാലയളവില്‍ ഹെല്‍ത്ത് സയന്‍സ്, മെഡിസിന്‍ അല്ലെങ്കില്‍ ബയോളജിക്കല്‍, ബയോമെഡിക്കല്‍ സയന്‍സ് പ്രോഗ്രാമുകള്‍ക്കായി വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ആകെ പെര്‍മിറ്റുകളുടെ ആറ് ശതമാനം മാത്രമാണ് പോയത്. 1.25 ശതമാനമാണ് ട്രേഡുകളിലേക്കും വൊക്കേഷണല്‍ ട്രെയിനിംഗ് പ്രോഗ്രാമുകളിലേക്കും പോയത്. 

അതേസമയം, കണ്‍സ്ട്രക്ഷന്‍, ഹെല്‍ത്ത് കെയര്‍, അക്കമഡേഷന്‍, ഫുഡ് സര്‍വീസ് തുടങ്ങിയ മേഖലകള്‍ 2018 ന് മുമ്പും കോവിഡ് പാന്‍ഡെമിക്കിന് ശേഷവും ഉയര്‍ന്ന തൊഴില്‍ ഒഴിവുകളും നിരക്കുകളുമുള്ള മേഖലകളായി സ്ഥിരത പുലര്‍ത്തുന്നുണ്ടെന്ന് സ്റ്റാറ്റിസ്റ്റിക്‌സ് കാനഡയുടെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.