50 ദിവസത്തെ ജയില്‍വാസം, അരവിന്ദ് കെജ്രിവാൾ ജയിൽ മോചിതനായി; വന്‍ സ്വീകരണം നല്‍കി എഎപി പ്രവര്‍ത്തകര്‍

By: 600007 On: May 10, 2024, 5:32 PM

 

ദില്ലി: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ജയിൽ മോചിതനായി. 50 ദിവസത്തെ ജയിൽ വാസത്തിന് ശേഷമാണ് അരവിന്ദ് കെജ്രിവാൾ പുറത്തിറങ്ങുന്നത്. കെജ്രിവാളിന്‍റെ മടങ്ങിവരവ് വന്‍ ആഘോഷമാക്കുകയാണ് പ്രവര്‍ത്തകര്‍. വന്‍ സ്വീകരണമാണ് എഎപി പ്രവര്‍ത്തകര്‍ അരവിന്ദ് കെജ്രിവാളിനായി ഒരുക്കിയത്. നിങ്ങളുടെ അടുത്തേക്ക് തിരികെയെത്തിയത് ആവേശത്തിലാക്കുന്നുവെന്നാണ് കെജ്രിവാള്‍ പ്രവര്‍ത്തകരോട് പ്രതികരിച്ചത്. സുപ്രീംകോടതിക്ക് നന്ദിയെന്നും അദ്ദേഹം പ്രതികരിച്ചു. 

ആകെ ഇരുപത്തിയൊന്ന് ദിവസത്തെ ഇടക്കാല ജാമ്യമാണ് കോടതി അരവിന്ദ് കെജ്രിവാളിന് അനുവദിച്ചിരിക്കുന്നത്. ഏഴാം ഘട്ട പോളിംഗ് അവസാനിക്കുന്ന ജൂൺ 1 വരെയാണ് ഇടക്കാല ജാമ്യം. ജൂൺ 2 ന് തിരികെ കീഴടങ്ങണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഫലം വരുന്നത് വരെ ജാമ്യം നല്‍കണമെന്ന് കെജ്രിവാളിന്‍റെ അഭിഭാഷകന്‍ മനു അഭിഷേക് സിംഗ്വി ആവശ്യപ്പെട്ടു. എന്നാല്‍, ജാമ്യം വോട്ടെടുപ്പ് വരെ മതിയാകുമെന്ന് കോടതി നിരീക്ഷിക്കുകയായിരുന്നു. ഇഡിയുടെ ശക്തമായ എതിർപ്പ് തള്ളിയാണ് കോടതി കെജ്രിവാളിന് ജാമ്യം നൽകിയത്.