കോവിഡ്-19 കേസുകള്‍ വീണ്ടും വര്‍ധിക്കുന്നു: ആല്‍ബെര്‍ട്ടയില്‍ ചികിത്സ തേടുന്നവരുടെ എണ്ണവും വര്‍ധിച്ചതായി ഡോക്ടര്‍മാര്‍ 

By: 600002 On: May 10, 2024, 11:55 AM

 

ആല്‍ബെര്‍ട്ടയില്‍ കോവിഡ്-19 കേസുകള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. കേസുകള്‍ വര്‍ധിക്കുന്നത് ആശുപത്രികളെയും പ്രതിസന്ധിയിലാക്കുകയാണ്. രോഗം ബാധിച്ച് ആശുപത്രിയില്‍ ചികിത്സ തേടുന്നവരുടെ എണ്ണം വര്‍ധിച്ചതോടെ എമര്‍ജന്‍സി റൂമുകളില്‍ ഉള്‍പ്പെടെ തിരക്കേറുകയാണ്. ഇത് കാത്തിരിപ്പ് സമയവും വര്‍ധിപ്പിക്കുന്നതായി ആരോഗ്യ പ്രവര്‍ത്തകര്‍ പറഞ്ഞു. പ്രവിശ്യയില്‍ കേസുകള്‍ 21 ശതമാനം വര്‍ധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഏപ്രില്‍ അവസാനം മുന്‍ ആഴ്ചയേക്കാള്‍ കേസുകള്‍ 28 ശതമാനം വര്‍ധിച്ചു. 

പാന്‍ഡെമിക്കിന്റെ സമയത്തെതുള്ളതുപോലെ കേസുകളും ആശുപത്രി വാസങ്ങളും ഇല്ലെങ്കിലും കേസുകള്‍ പ്രതിദിനം വര്‍ധിച്ചുകൊണ്ടിരിക്കുന്നുണ്ടെന്നും എഡ്മന്റണിലെ ആശുപത്രികള്‍ നിലവില്‍ പ്രതിസന്ധി നേരിടുന്നുണ്ടെന്നും ഇആര്‍ ഡോക്ടര്‍മാര്‍ പറയുന്നു. 

പ്രവിശ്യയില്‍ ചില ആശുപത്രികളില്‍ 14 മണിക്കൂറിലധികമാണ് കാത്തിരിപ്പ് സമയമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. വാക്‌സിനേഷനുകള്‍ തുടരുന്നതാണ് കോവിഡിനെ പ്രതിരോധിക്കാനുള്ള മികച്ച പരിഹാര മാര്‍ഗമെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി.