ഹര്‍ദീപ് സിംഗ് നിജ്ജാര്‍ വധം: കാനഡ തെളിവുകളൊന്നും പങ്കുവെച്ചിട്ടില്ലെന്ന് ഇന്ത്യ

By: 600002 On: May 10, 2024, 9:52 AM

 

 

ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജാറിനെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് മൂന്ന് ഇന്ത്യന്‍ പൗരന്മാരെ അറസ്റ്റ് ചെയ്തതായി കനേഡിയന്‍ പൊലീസ് അവകാശപ്പെട്ട് ദിവസങ്ങള്‍ക്ക് ശേഷം സംഭവത്തില്‍ പ്രതികരിച്ച് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. കാനഡ ഇക്കാര്യത്തില്‍ വ്യക്തമോ പ്രസക്തമോ ആയ തെളിവുകളൊന്നും ഇന്ത്യയുമായി ഇതുവരെ പങ്കുവെച്ചിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യാഴാഴ്ച പറഞ്ഞു.

അറസ്റ്റിനെക്കുറിച്ച് കാനഡ തങ്ങളെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഔപചാരികമായ ആശയവിനിമയങ്ങളൊന്നും ലഭിച്ചിട്ടില്ല. ഈ വിഷയത്തില്‍ പ്രത്യേകം തെളിവുകളോ വിവരങ്ങളോ നല്‍കിയിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

നിജ്ജാറിന്റെ വധവുമായി ബന്ധപ്പെട്ട് എഡ്മന്റണില്‍ താമസിക്കുന്ന ഇന്ത്യക്കാരായ കരണ്‍ ബ്രാര്‍ (22), കമല്‍പ്രീത് സിംഗ് (22), കരണ്‍പ്രീത് സിംഗ് (28) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവര്‍ക്കെതിരെ കൊലപാതക കുറ്റം, കൊലപാതകം നടത്താനുള്ള ഗൂഢാലോചന കുറ്റം എന്നിവ ചുമത്തിയിട്ടുണ്ട്. അതേസമയം, അറസ്റ്റിലായ മൂന്ന് വ്യക്തികളും, കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പരാമര്‍ശിച്ച ഇന്ത്യന്‍ സര്‍ക്കാര്‍ ഏജന്റുമാരും തമ്മില്‍ ഒരു ബന്ധവും സ്ഥാപിക്കാന്‍ കനേഡിയന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. ഇതിനാലാണ് കാനഡ തെളിവുകളൊന്നും കൈമാറിയിട്ടില്ലെന്ന് ഇന്ത്യ വാദിക്കുന്നത്.