രൂക്ഷമാകുന്ന വരള്‍ച്ച, വരണ്ട കാലാവസ്ഥ; കാനഡ അപകടകരമായ കാട്ടുതീ സീസണിലേക്ക് അടുക്കുന്നു 

By: 600002 On: May 10, 2024, 8:22 AM

 

ഈ വര്‍ഷം സമ്മര്‍സീസണില്‍ വരണ്ട കാലാവസ്ഥയും രൂക്ഷമാകുന്ന വരള്‍ച്ചയും കനത്ത ചൂടും കാനഡയെ അപകടകരമായ കാട്ടുതീ സീസണിലേക്ക് നയിക്കുമെന്ന് ഫെഡറല്‍ സര്‍ക്കാര്‍. വരും മാസങ്ങളില്‍ പ്രതീക്ഷിക്കുന്ന കാലാവസ്ഥ വലിയ കാട്ടുതീ അപകടങ്ങളിലേക്ക് നയിക്കുമെന്ന് ഫെഡറല്‍ പബ്ലിക് സേഫ്റ്റി മിനിസ്ട്രി പ്രസ്താവനയില്‍ അറിയിച്ചു. നിലവിലുള്ള എല്‍ നിനോ കാലാവസ്ഥാ പ്രതിഭാസം മഴയുടെ അഭാവത്തിനും ചൂടേറിയ താപനിലയ്ക്കും ആക്കം കൂട്ടുന്നതായി മന്ത്രാലയം വിശദീകരിച്ചു. 

മെയ് മുതല്‍ ജൂലൈ വരെ, ഉയര്‍ന്ന അപകടസാധ്യതയുള്ള പ്രദേശങ്ങളില്‍, സാധാരണയിലും ഉയര്‍ന്ന താപനിലയ്ക്ക് സാധ്യതയുണ്ട്. മഴയുടെ അഭാവം കാരണം, വെസ്റ്റേണ്‍ കാനഡയില്‍ കാട്ടുതീ സാധ്യത വര്‍ധിച്ചതായി കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നു. 

മെയ് 9 വരെ കാനഡയിലുടനീളം 87 കാട്ടുതീകള്‍ സജീവമാണെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ 38 എണ്ണം ആല്‍ബെര്‍ട്ടയിലാണ്. 22 എണ്ണം ബീസിയിലും ഒമ്പതെണ്ണം മാനിറ്റോബയിലും കത്തിക്കൊണ്ടിരിക്കുകയാണ്.