ഉത്തര കൊറിയയുടെ ആശയ പ്രചാരകൻ കിം കി നാം അന്തരിച്ചു: ആദരാഞ്ജലി അർപ്പിച്ച് കിം ജോങ് ഉൻ

By: 600007 On: May 9, 2024, 3:46 AM

 

സോൾ: ഉത്തര കൊറിയയുടെ ആശയപ്രചാരണത്തിനു നേതൃത്വം നൽകിയ കിം കി നാം (94) അന്തരിച്ചു. പ്രായാധിക്യവും അവയവങ്ങളുടെ പ്രവർത്തനം തകരാറിലായതിനെ തുടർന്നുമാണു കിം കി നാമിന്റെ അന്ത്യം. പുലർച്ചെ നടന്ന സംസ്കാര ചടങ്ങുകളിൽ ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉൻ പങ്കെടുക്കുകയും ആദരാഞ്ജലി അർപ്പിക്കുകയും ചെയ്തു.

ഭരണാധികാരികളോട് അളവറ്റ തോതിൽ വിശ്വസ്തനായിരുന്നു കിം കി നാമെന്നു കിം ജോങ് ഉൻ അനുശോചനസന്ദേശത്തിൽ പറഞ്ഞു. 2022 മുതൽ ചികിത്സയിലായിരുന്നെന്നു രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കിം രാജവംശത്തിന്റെ ഭരണകാലത്തു രാജ്യത്ത് ആശയ പ്രചാരണത്തിനും രാജ്യമെങ്ങും ആരാധകരെ സൃഷ്ടിക്കാനും സുപ്രധാന പങ്കുവഹിച്ചു.

കിം ജോങ് ഉന്നിന്റെ പിതാവിനൊപ്പമായിരുന്നു പ്രവർത്തനം ആരംഭിച്ചത്. 1970കളിൽ സംസ്ഥാന മാധ്യമങ്ങളുടെ ചുമതലയിലെത്തി. ഉത്തര കൊറിയയുടെ രാഷ്ട്രീയ പ്രചാരണത്തിനായുള്ള മുദ്രാവാക്യങ്ങളുടെ സ്രഷ്ടാവും കിം കി നാമായിരുന്നു. 2010ന്റെ അവസാനത്തോടെയാണ് വിരമിച്ചത്.