പൊതുസ്ഥലങ്ങളിലെ മയക്കുമരുന്ന് ഉപയോഗം കുറ്റകരമാക്കാനുള്ള ബ്രിട്ടീഷ് കൊളംബിയയുടെ അഭ്യര്‍ത്ഥന ഫെഡറല്‍ സര്‍ക്കാര്‍ അംഗീകരിച്ചു. പ്രവിശ്യയിലെ ആശുപത്രികള്‍, പാര്‍ക്കുകള്‍ തുടങ്ങി പൊതുസ്ഥലങ്ങളില്‍ മയക്കുമരുന്ന് ഉപയോഗം കുറ്റകരമാക്കിയതായി പാര്‍ലമെന്റ് ഹില്ലില്‍ കാനഡ മെന്റല്‍ഹെല്‍ത്ത് ആന്‍ഡ് അഡിക്ഷന്‍സ് മിനിസ്റ്റര്‍ യാരാ സാക്‌സ് പ്രഖ്യാപിച്ചു.
രാഷ്ട്രീയക്കാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, പോലീസ് എന്നിവരില്‍ നിന്നും വിമര്‍ശനം നേരിട്ടതോടെ പൊതുസ്ഥലങ്ങളിലെ മയക്കുമരുന്ന് ഉപയോഗം കുറ്റകരമാക്കാന്‍ കഴിഞ്ഞ മാസം പ്രീമിയര്‍ ഡേവിഡ് എബി ഹെല്‍ത്ത് കാനഡയോട് ആവശ്യപ്പെട്ടിരുന്നു.
നിയമനിര്‍മാണത്തിലൂടെ പൊതുസ്ഥലങ്ങളില്‍ മയക്കുമരുന്ന് ഉപയോഗം നിയമവിരുദ്ധമാക്കാന്‍ പ്രവിശ്യ മുമ്പ് ശ്രമിച്ചിരുന്നു. ഹെറോയിന്‍, ഫെന്റനെല്‍, കൊക്കെയ്ന്‍, മെത്താംഫെറ്റാമൈന്‍ എന്നിവയുള്‍പ്പെടെ ചില മയക്കുമരുന്നുകള്‍ ചെറിയ അളവില്‍ കൈവശം വയ്ക്കാന്‍ അനുവദിക്കുന്ന മൂന്ന് വര്‍ഷത്തെ പദ്ധതിക്ക് ബീസി സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.