അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ ചൂഷണം ചെയ്യപ്പെടുന്നു; കാനഡയുടെ ബ്രാന്‍ഡ് പുനര്‍നിര്‍മിക്കണമെന്ന് ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ 

By: 600002 On: May 8, 2024, 12:15 PM

 


ചൂഷണത്തിന് വിധേയരായ നിരവധി അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ മരിക്കുന്നുവെന്ന വിമര്‍ശനത്തിന് പിന്നാലെ കാനഡ അതുല്യ പ്രതിഭകള്‍ക്കും തൊഴില്‍ നൈപുണ്യമുള്ളവര്‍ക്കുമായി രാജ്യത്തിന്റെ ബ്രാന്‍ഡ് പുനര്‍നിര്‍മിക്കണമെന്ന് ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍. കാനഡയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ സാങ്കേതിക പരിജ്ഞാനം മെച്ചപ്പെടുത്തുന്നതിന് ഇരു രാജ്യങ്ങളെയും സഹായിക്കുന്നതിനെ ചൂഷണം നടത്തുന്നവര്‍ തുരങ്കം വെക്കുന്നതായി മോണ്‍ട്രിയല്‍ കൗണ്‍സിലില്‍ ഫോറിന്‍ റിലേഷന്‍സ് എന്ന വിഷയത്തില്‍ സംസാരിക്കുന്നതിനിടയില്‍ ഹൈക്കമ്മീഷണര്‍ സഞ്ജയ് കുമാര്‍ വര്‍മ്മ പറഞ്ഞു. 

കാനഡയിലെത്തുന്ന ഭൂരിഭാഗം വിദ്യാര്‍ത്ഥികളും ഇന്ത്യയില്‍ നിന്നാണെത്തുന്നത്. വ്യാജ സ്‌കൂളുകള്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ കബളിപ്പിക്കുന്നു. ചിലപ്പോള്‍ ദാരുണമായ പ്രത്യാഘാതങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരിട്ടേക്കാം. ചില വിദ്യാര്‍ത്ഥികള്‍ ചൂഷണത്തിനിരയായതിനെ തുടര്‍ന്നാണ് മരിച്ചതെന്ന് വര്‍മ പറയുന്നു. എന്നാല്‍ ആത്മഹത്യ മൂലമുള്ള മരണമാണോ എന്നത് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. 

പല വിദ്യാര്‍ത്ഥികളും ദരിദ്ര കുടുംബത്തില്‍ നിന്നുള്ളവരാണ്. വീടുള്‍പ്പെടെ വിറ്റുപെറുക്കിയാണ് മാതാപിതാക്കള്‍ വിദ്യാര്‍ത്ഥികളെ കാനഡയില്‍ പഠനത്തിനായി അയക്കുന്നത്. എന്നാല്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന കോളേജുകള്‍ വിദ്യാര്‍ത്ഥികളുടെയും അവരുടെ കുടുംബങ്ങളുടെയും സ്വപ്‌നങ്ങളാണ് തകര്‍ക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.