ഒഷാവയില്‍ ഒരു വീട്ടില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി; മലയാളി യുവാവിനെ പോലീസ് തിരയുന്നു 

By: 600002 On: May 8, 2024, 10:55 AM

 

ഒഷാവയിലെ ഒരു വീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി.  സംഭവത്തില്‍ ദര്‍ഹാം റീജിയണ്‍ പോലീസ് അന്വേഷണം ആരംഭിച്ചു. യുവതിയോടൊപ്പം താമസിച്ചിരുന്നുവെന്ന് കരുതുന്ന 31കാരനെ പോലീസ് തിരയുകയാണ്. ലാല്‍ പൗലോസ് എന്ന മലയാളി യുവാവിനുവേണ്ടി തിരച്ചില്‍ ഊര്‍ജിതമാക്കിയതായി പോലീസ് പറഞ്ഞു. ചൊവ്വാഴ്ച രാവിലെ ഏഴ് മണിയോടെ കിംഗ് സ്ട്രീറ്റ് വെസ്റ്റിനും പാര്‍ക്ക് റോഡ് നോര്‍ത്തിനും സമീപമുള്ള റീഡോ സ്ട്രീറ്റിലെ സഗുനെയ് അവന്യൂവിന് സമീപമുള്ള വീട്ടിലാണ് യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. വിവരം പോലീസിനെ അറിയിച്ചു.  

ഏകദേശം അഞ്ചടി എട്ട് ഇഞ്ച് ഉയരവും ഇടത്തരം ശരീരപ്രകൃതിയുമുള്ള ലാല്‍ പൗലോസ് ഒന്റാരിയോ ലൈസന്‍സ് പ്ലേറ്റ് നമ്പര്‍ CXKZ784  നീല ഫോര്‍ഡ് എക്‌സേപ്പിലാണ് സഞ്ചരിക്കുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇയാളെ കണ്ടെത്തുന്നവര്‍ ഉടന്‍ ഇയാളെ സമീപിക്കരുതെന്നും 911 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്നും പോലീസ് നിര്‍ദ്ദേശിച്ചു.