ഒന്റാരിയോ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെട്ട അനധികൃത ചൂതാട്ടം; കടക്കെണിയിലായ വിദ്യാര്‍ത്ഥികള്‍ക്കെതിരെ വധഭീഷണി: പോലീസ് 

By: 600002 On: May 7, 2024, 6:24 PM

 


ഒന്റാരിയോയില്‍ യുവാക്കളെയും ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളെയും ലക്ഷ്യമിട്ട് അനധികൃത ഓണ്‍ലൈന്‍ ചൂതാട്ടം നടക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം നടത്തുന്നതായും ഒന്റാരിയോ പ്രൊവിന്‍ഷ്യല്‍ പോലീസ് അറിയിച്ചു. ഒറിലിയ സിറ്റിയിലാണ് യുവാക്കളെ ലക്ഷ്യമിട്ട് ചൂതാട്ടം നടത്തുന്നത്. പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥികള്‍ക്ക് ടോപ്‌ബെറ്റ്‌സ് എന്ന വെബ്‌സൈറ്റിലൂടെയാണ് ഓണ്‍ലൈന്‍ ചൂതാട്ടത്തിന് വഴിയൊരുങ്ങുന്നത്. വെബ്‌സൈറ്റില്‍ സൈന്‍ അപ്പ് ചെയ്യാനും സ്‌പോര്‍ട്‌സ് ബെറ്റുകള്‍, കാസിനോ ബേസ്ഡ് ഗെയിമുകള്‍ എന്നിവ കളിക്കാനും അനുവദിക്കുന്ന ഓണ്‍ലൈന്‍ ഗെയ്മിംഗിനെക്കുറിച്ച് അന്വേഷിക്കാന്‍ തുടങ്ങിയതായി ഒറിലിയ പ്രവിശ്യാ പോലീസ് പറഞ്ഞു. 

നഗരത്തിലെ ഒരു ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ചൂതാട്ടത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും കടക്കെണിയിലായ ഇവരെ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും പോലീസ് പറയുന്നു. വിദ്യാര്‍ത്ഥികള്‍ക്കെതിരെ വധഭീഷണിപ്പെടുത്തിയ 18 വയസ്സില്‍ താഴെയുള്ള ഒരാളെ അറസ്റ്റ് ചെയ്യുകയും കുറ്റം ചുമത്തുകയും ചെയ്തതായി പോലീസ് അറിയിച്ചു. ഭീഷണി നേരിടുന്ന നിരവധി വിദ്യാര്‍ത്ഥികളും യുവാക്കളുമുണ്ടാകുമെന്നാണ് പോലീസ് കരുതുന്നു. 

പോലീസിന്റെ അന്വേഷണത്തോട് സഹകരിക്കാനും വിവരങ്ങള്‍ പങ്കുവയ്ക്കാനും ആഗ്രഹിക്കുന്നവര്‍ക്ക് 705-326-3536 എന്ന നമ്പറില്‍ OPP യെ വിവരമറിയിക്കാം. ചൂതാട്ട ആസക്തിയില്‍ നിന്നും മുക്തമാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 1-866-531-2600 എന്ന ConnexOntario യുമായി ബന്ധപ്പെടാമെന്നും പോലീസ് അറിയിച്ചു.