ദിവസവും പിസ കഴിക്കുന്ന യുവാവ്, 6 വർഷമായിട്ടുള്ള ശീലം, ആശങ്കയോടെ നെറ്റിസൺസ്

By: 600007 On: May 7, 2024, 1:54 PM

 

പിസ ഇഷ്ടപ്പെടുന്നവർ അനേകം പേരുണ്ട്. പലരുടേയും ഇഷ്ടവിഭവങ്ങളിൽ ഒന്നുമായിരിക്കാം ഇന്ന് പിസ. എന്നാൽ, എല്ലാ ദിവസവും പിസ കഴിക്കുന്നത് നല്ലതാണോ? അല്ലെന്നാണ് നമ്മുടെ ഉത്തരം അല്ലേ? എന്നാൽ, യുഎസ്സിലെ കണക്ടിക്കട്ടിൽ നിന്നുള്ള ഒരു യുവാവ് എല്ലാ ദിവസവും പിസയുടെ ഒരു കഷ്ണമെങ്കിലും കഴിക്കുമത്രെ.

കെന്നി വൈൽഡ്സ് എന്ന യുവാവ് പറയുന്നത് കഴിഞ്ഞ ആറ് വർഷമായി താൻ പിസയുടെ കഷ്ണമെങ്കിലും കഴിക്കാത്ത ഒറ്റ ദിവസം പോലും ഇല്ല എന്നാണ്. ദ ​ഗാർഡിയന് നൽകിയ അഭിമുഖത്തിൽ വൈൽഡ്‍സ് പറയുന്നത്, ജീവിതകാലം മുഴുവനും ഇങ്ങനെ പിസ കഴിക്കണം എന്നാണ് തന്റെ ആ​ഗ്രഹം എന്നാണ്. ഒപ്പം അതുമായി ബന്ധപ്പെട്ട ഒരു കരിയർ തുടങ്ങാനാണ് തന്റെ ആ​ഗ്രഹം എന്നും വൈൽഡ്‍സ് പറയുന്നുണ്ട്. 

താൻ ആരോ​ഗ്യവാനാണ് എന്നും ഫിറ്റ് ആയിട്ടാണിരിക്കുന്നത് എന്നും യുവാവ് പറയുന്നു. Kenny V’s എന്ന പേരിൽ തന്റെ അച്ഛന് ഒരു പിസ ഷോപ്പുണ്ടായിരുന്നു. തനിക്ക് മൂന്നു വയസ്സാകുന്നത് വരെ ആ കടയുണ്ടായിരുന്നു. അതിനാൽ തന്നെ വളരെ ചെറുപ്രായത്തിൽ തന്നെ താൻ പിസ കഴിച്ച് തുടങ്ങി എന്നും വൈൽഡ്‍സ് പറയുന്നു. 

ഒരു ഹീറ്റിം​ഗ് ആൻഡ് കൂളിം​ഗ് സിസ്റ്റം കമ്പനിയിലാണ് താൻ ജോലി ചെയ്യുന്നത്. അവിടുത്തെ സഹപ്രവർത്തകൻ ഒരുദിവസം തന്നോട് ഒരു ബെറ്റ് വച്ചു. എല്ലാ ദിവസവും ഒരു പിസ കഷ്ണമെങ്കിലും കഴിക്കണം എന്നതായിരുന്നു ബെറ്റ്. താൻ ഒരുമാസം അത് ചെയ്തു. തനിക്കത് വളരെ എളുപ്പമായിരുന്നു എന്നും യുവാവ് പറയുന്നു. ആളുകൾ തന്റെ ഈ ശീലത്തെ വളരെ ആശങ്കയോടെയാണ് കാണുന്നത്, പക്ഷേ തന്റെ ആരോ​ഗ്യത്തിന് പ്രശ്നമൊന്നുമില്ല എന്നതുകൊണ്ട് തന്നെ അത് ബാധിച്ചിട്ടില്ല എന്നും വൈൽഡ് പറഞ്ഞു.

എന്നാൽ, ഇങ്ങനെയൊക്കെ പറയുന്നുണ്ടെങ്കിലും ഓൺലൈനിൽ ആളുകൾ അമ്പരപ്പോടെയാണ് യുവാവിന്റെ ഈ പിസ കഴിക്കലിനെ കാണുന്നത്.