അമേരിക്കയിലെ ഡയറി ഫാമുകളിലെ കറവപ്പശുക്കളില്‍ വര്‍ധിച്ചുവരുന്ന ഏവിയന്‍ ഫ്‌ളൂവിനെതിരെയുള്ള പ്രതിരോധത്തിന്റെ ഭാഗമായി സര്‍വെയ്‌ലന്‍സ് പ്രോഗ്രാം വിപുലീകരിക്കാന്‍ ഒരുങ്ങി കനേഡിയന്‍ സര്‍ക്കാര്‍. അമേരിക്കയില്‍ വില്‍ക്കുന്ന പാസ്ചറൈസ് ചെയ്ത പാലില്‍ അപകടകാരിയായ ഏവിയന്‍ ഫ്‌ളൂ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന കന്നുകാലികളില്‍ പരിശോധന ആവശ്യമാണെന്ന് കാനഡയിലെ ആരോഗ്യ ഏജന്‍സികള്‍ വ്യക്തമാക്കിയിരുന്നു.
വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിക്കുന്നതിനായി റീട്ടെയ്ല്‍ തലത്തില്‍ വില്‍ക്കാനുള്ള പാലിന്റെ പരിശോധന നടത്തുമെന്ന് പ്രസ്താവനയില്‍ പറഞ്ഞു. എച്ച്പിഎഐയുടെ ക്ലിനിക്കല്‍ സൈന്‍ ഇല്ലാത്ത പശുക്കള്‍ക്കും ഇന്‍ഡസ്ട്രി ബയോസെക്യൂരിറ്റിയുടെ ഭാഗമായി സ്വമേധയാ ഉള്ള പരിശോധനയും ലഭ്യമാകുമെന്ന് പ്രസ്താവനയില്‍ അറിയിച്ചു.
യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ കഴിഞ്ഞയാഴ്ച രാജ്യത്തുടനീളമുള്ള പാല്‍ സാമ്പിളുകളില്‍ 20 ശതമാനവും ഏവിയന്‍ ഫ്‌ളൂ വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു.