നിജ്ജാറിന്റെ ഘാതകരുടെ അറസ്റ്റ്: ഇന്ത്യയ്‌ക്കെതിരെ വീണ്ടും കാനഡ 

By: 600002 On: May 6, 2024, 1:53 PM

 

 

ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് ഇന്ത്യന്‍ പൗരന്മാരുടെ അറസ്റ്റും, കാനഡയിലെ വിദേശ ഇടപെടലുകളെക്കുറിച്ചും പ്രധാന റിപ്പോര്‍ട്ട് പുറത്തുവന്ന അതേദിവസം, കാനഡയിലെ സിഖ് വംശജര്‍ക്കിടയില്‍ ഇന്ത്യ അമിതമായി ഇടപെടുന്നുവെന്ന് ആരോപിച്ച് സിഖ് സമൂഹം രംഗത്തുവന്നു. കാനഡയിലെ സിഖ് സമൂഹം അറസ്റ്റിനെ സ്വാഗതം ചെയ്തിട്ടുണ്ട്. എങ്കിലും തങ്ങളുടെ സമൂഹത്തിലെ പലരും ഇപ്പോഴും ഇന്ത്യന്‍ സര്‍ക്കാരില്‍ നിന്നുള്ള അടിച്ചമര്‍ത്തലും ഭീഷണിയും നേരിടുന്നുണ്ടെന്നും പ്രത്യാഘാതങ്ങള്‍ ഉണ്ടാകുന്നുണ്ടെന്നും ഭയപ്പെടുന്നതായി സിഖ് സമൂഹം വ്യക്തമാക്കി. 

അതേസമയം, ഖലിസ്ഥാന്‍ അനുകൂല പ്രസ്ഥാനത്തെ ഇന്ത്യ എതിര്‍ക്കുന്നു. എന്നാല്‍ നിജ്ജാറിന്റെ കൊലപാതകത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് ഇന്ത്യ വീണ്ടും നിഷേധിച്ചു. നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികളില്‍ ചുമത്തിയ കുറ്റങ്ങള്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ അംഗീകരിച്ചിരുന്നു. ടൊറന്റോയിലെ റോയല്‍ ഒന്റാരിയോ മ്യൂസിയത്തിലെ സിഖ് ഫൗണ്ടേഷന്‍ ഓഫ് കാനഡ ഗാലയില്‍ സംസാരിച്ച ട്രൂഡോ, കനേഡിയന്‍ പൗരന്മാര്‍ക്ക് വിവേചനങ്ങളില്‍ നിന്നും അക്രമ ഭീഷണികളില്‍ നിന്നും സുരക്ഷിതമായി ജീവിക്കാനുള്ള മൗലികാവകാശമുണ്ടെന്ന് പറഞ്ഞു.