കാനഡ കുറ്റവാളികളെ സ്വാഗതം ചെയ്യുന്നു: എസ് ജയശങ്കര്‍

By: 600002 On: May 6, 2024, 1:25 PM

 


കാനഡയും ഇന്ത്യയും തമ്മിലുള്ള ബന്ധം വഷളാകാന്‍ കാരണമായ ഖലിസ്ഥാന്‍ വാദി നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തില്‍ ആര്‍സിഎംപി അടുത്തിടെ നടത്തിയ അറസ്റ്റുകള്‍ക്ക് മറുപടിയുമായി ഇന്ത്യ. കാനഡ ഇന്ത്യയില്‍ നിന്നുള്ള കുറ്റവാളികളെ സ്വാഗതം ചെയ്യുകയും താമസസൗകര്യം ഒരുക്കുകയുമാണെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ പ്രതികരിച്ചു. ഇന്ത്യയില്‍ നിന്നും വിട്ടുമാറി സ്വന്തം രാജ്യം രൂപീകരിക്കാന്‍ ശ്രമിക്കുന്ന സിഖുകാരുടെ അക്രമാസക്തമായ പ്രസ്ഥാനമെന്നാണ് എസ് ജയശങ്കര്‍ ഖലിസ്ഥാന്‍ സംഘടനയെ വിശേഷിപ്പിച്ചത്. 

ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ മരണത്തില്‍ ആര്‍സിഎംപി മൂന്ന് ഇന്ത്യന്‍ പൗരന്മാര്‍ക്കെതിരെ കുറ്റം ചുമത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് എസ് ജയശങ്കറിന്റെ പ്രതികരണം. തീവ്രവാദത്തിനും വിഘടനവാദത്തിനും അക്രമത്തിന്റെ വക്താക്കള്‍ക്കും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരില്‍ കാനഡ നിയമസാധുത നല്‍കിയിട്ടുണ്ടെന്ന് ജയശങ്കര്‍ മറുപടി നല്‍കി. 

കാനഡയിലെ ഇന്ത്യന്‍ നയതന്ത്ര ദൗത്യങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും നേരെയുള്ള ആക്രമണങ്ങളെക്കുറിച്ചും ഭീഷണികളെക്കുറിച്ചും വിദേശകാര്യ മന്ത്രി മെലാനി ജോളിയോട് ആരാഞ്ഞതായി ജയശങ്കര്‍ പറഞ്ഞു.