ദില്ലി: നേപ്പാൾ പുറത്തിറക്കിയ പുതിയ 100 രൂപയുടെ നോട്ടിൽ ഇന്ത്യക്ക് അതൃപ്തി. ഇന്ത്യയുമായുള്ള തർക്ക പ്രദേശങ്ങൾ ഉൾപ്പെടുന്ന ഭൂപടം പ്രിന്റ് ചെയ്താണ് പുതിയ നോട്ട് അച്ചടിക്കാൻ തീരുമാനിച്ചത്. നേപ്പാളിന്റെ നടപടി ഏകപക്ഷീയവും അംഗീകരിക്കാനാകാത്തതുമാണെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്തു. ''റിപ്പോർട്ട് കണ്ടു. വിശദമായി പരിശോധിച്ചിട്ടില്ല. ഇക്കാര്യത്തിൽ ഇന്ത്യയുടെ നിലപാട് വളരെ വ്യക്തമാണ്. നേപ്പാളുമായി, അതിർത്തി കാര്യങ്ങളെക്കുറിച്ച് ചർച്ചകൾ നടത്തുകയായിരുന്നു. അതിനിടെ അവരുടെ ഭാഗത്തുനിന്ന് ഏകപക്ഷീയമായി നടപടികൾ ഉണ്ടായി. എങ്കിലും നോട്ടിൽ തർക്ക പ്രദേശങ്ങൾ പ്രിന്റ് ചെയ്തത് യാഥാർത്ഥ്യത്തെയോ മാറ്റാൻ പോകുന്നില്ല''- ജയ്‌ശങ്കർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഇന്ത്യയുമായി അതിർത്തി തർക്കമുള്ള ലിപുലേഖ്, ലിംപിയാധുര, കാലാപാനി തുടങ്ങിയ പ്രദേശങ്ങൾ ഉൾക്കൊള്ളുന്നതാണ് പുതിയ കറൻസിയെന്ന് നേപ്പാൾ അറിയിച്ചു. നേപ്പാൾ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തർക്ക പ്രദേശങ്ങൾ കറൻസി നോട്ടിൻ്റെ രൂപരേഖയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചതെന്ന് നേപ്പാൾ സർക്കാർ വക്താവ് രേഖ ശർമ പറഞ്ഞു. ലിപുലേഖ്, കാലാപാനി, ലിംപിയാധുര തുടങ്ങിയ തന്ത്രപരമായി പ്രാധാന്യമുള്ള പ്രദേശങ്ങൾ ഉൾപ്പെടുത്തി, 2020 ജൂൺ 18-ന് രാഷ്ട്രീയ ഭൂപടം പുതുക്കാനുള്ള ഭരണഘടനാ ഭേദഗതിയെ തുടർന്നാണ് നേപ്പാളിൻ്റെ നീക്കം. ഈ നടപടിയെ ഇന്ത്യ ശക്തമായി എതിർത്തിരുന്നു. നേപ്പാളിന്റെ നടപടി ഏകപക്ഷീയമാണെന്ന് പറയുകയും നേപ്പാളിൻ്റെ വാദം അംഗീകരിക്കില്ലെന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു.