ഹൈവേ 401 വാഹനാപകടം: മരിച്ച ഇന്ത്യന്‍ ദമ്പതികളെ തിരിച്ചറിഞ്ഞു

By: 600002 On: May 4, 2024, 6:40 AM

 


ഒന്റാരിയോ ഹൈവേ 401 ല്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ട വൃദ്ധ ദമ്പതികള്‍ ഇന്ത്യന്‍ സ്വദേശികളാണെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ സ്ഥിരീകരിച്ചു. തിങ്കളാഴ്ച ഹൈവേ 401 ല്‍ മോഷ്ടാവിനെ പോലീസ് പിന്തുടരുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ മൂന്ന് മാസം പ്രായമുള്ള കുഞ്ഞും വൃദ്ധ ദമ്പതികളും കൊല്ലപ്പെട്ടിരുന്നു. ഇവരെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ തിരിച്ചറിഞ്ഞു. മണിവണ്ണന്‍(60), മഹാലക്ഷ്മി(55), ഇവരുടെ മൂന്ന് മാസം പ്രായമുള്ള പേരക്കുട്ടി എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ടത്. മരിച്ചവരുടെ കുടുംബത്തെ സന്ദര്‍ശിച്ചതായും അനുശോചനം അറിയിക്കുകയും എല്ലാ സഹായവും പിന്തുണയും ഉറപ്പാക്കുകയും ചെയ്തതായി ഇന്ത്യന്‍ കോണ്‍സുലേറ്റ് എക്‌സിലൂടെ അറിയിച്ചു. 

വിറ്റ്ബിയില്‍ നടന്ന വാഹനാപകടത്തെക്കുറിച്ച് സിവിലിയന്‍ പോലീസിന്റെ പ്രത്യേക അന്വേഷണ യൂണിറ്റ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മണിവണ്ണനും ഭാര്യയും കൊച്ചുമകനെ സന്ദര്‍ശിക്കാനായി കാനഡയിലെത്തിയതായിരുന്നു. കുഞ്ഞിന്റെ മാതാപിതാക്കളെ സാരമായ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അജാക്‌സ് ഏരിയയിലാണ് കുടുംബം താമസിക്കുന്നത്.