ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകം: മൂന്ന് ഇന്ത്യന്‍ സ്വദേശികള്‍ അറസ്റ്റില്‍ 

By: 600002 On: May 4, 2024, 6:05 AM

 


ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്ന് ഇന്ത്യന്‍ സ്വദേശികള്‍ അറസ്റ്റിലായി. 28കാരനായ കരണ്‍പ്രീത് സിംഗ്, 22കാരനായ കമല്‍പ്രീത് സിംഗ്, 22കാരനായ കരണ്‍ ബ്രാര്‍ എന്നിവരാണ് അറസ്റ്റിലായത്. എഡ്മന്റണിലാണ് മൂവരും താമസിച്ചിരുന്നത്. വെള്ളിയാഴ്ച കസ്റ്റഡിയിലെടുത്ത മൂന്ന് പേരും ഇന്ത്യന്‍ പൗരന്മാരാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇവര്‍ക്കെതിരെ ഫസ്റ്റ് ഡിഗ്രി കൊലപാതക കുറ്റവും കൊലപാതകം നടത്താന്‍ ഗൂഢാലോചന കുറ്റവും ചുമത്തി. 

2023 മെയ് 1 നും നിജ്ജാര്‍ കൊല്ലപ്പെട്ട തീയതിക്കും ഇടയില്‍ ഇവര്‍ ഉള്‍പ്പെട്ട സംഘം സറേയിലും എഡ്മന്റണിലും ഗൂഢാലോചന നടത്തിയതായി കുറ്റപത്രത്തില്‍ ആരോപിക്കുന്നു. 2023 ജൂണ്‍ 18ന് സറേയിലെ ഗുരു നാനാക്ക് സിഖ് ഗുരുദ്വാരയ്ക്ക് മുമ്പില്‍ വെച്ചാണ് നിജ്ജാറിനെ അജ്ഞാതര്‍ വെടിവെച്ചുകൊന്നത്. കാറിനുള്ളില്‍ നിരവധി തവണ വെടിയേറ്റ് മരിച്ച നിലയിലാണ് നിജ്ജാറിനെ കണ്ടെത്തിയത്. നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കാനഡയും ഇന്ത്യയും തമ്മിലുള്ള നയതന്ത്രബന്ധം വഷളായിരുന്നു. നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യക്ക് പങ്കുണ്ടെന്നായിരുന്നു കാനഡയുടെ വാദം. എന്നാല്‍ ഇന്ത്യ ഇത് നിഷേധിക്കുകയും ഇന്ത്യന്‍ സര്‍ക്കാര്‍ പുറത്തുവിട്ട 40 ഭീകരരുടെ പട്ടികയില്‍ നിജ്ജാറും ഉള്‍പ്പെട്ടരുന്നു. കാനഡ ഭീകരര്‍ക്ക് താവളം ഒരുക്കിക്കൊടുക്കുന്നുവെന്നാണ് ഇന്ത്യ ഇതിനോട് പ്രതികരിച്ചത്.