'അത്തരക്കാര്‍ക്ക് പണി ഉറപ്പാണ്, പിഴ ചുമത്താനും സാധ്യത; ഇന്‍സ്റ്റഗ്രാമില്‍ വമ്പന്‍ മാറ്റങ്ങള്‍

By: 600007 On: May 4, 2024, 4:34 AM

 

 


ഒറിജിനല്‍ വീഡിയോ ക്രിയേറ്റേഴ്‌സിന് പിന്തുണയുമായി ഇന്‍സ്റ്റഗ്രാം. റാങ്കിങ് സിസ്റ്റങ്ങളിലാണ് ഇന്‍സ്റ്റാഗ്രാം വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ഒരുങ്ങുന്നത്. കഷ്ടപ്പെട്ട് വീഡിയോകള്‍ എടുത്തവരേക്കാള്‍ കൂടുതല്‍ റീച്ചും ലൈക്കും ലഭിക്കുന്നത് അതിന്റെ ചെറിയ ഭാഗങ്ങള്‍ കട്ട് ചെയ്ത് വൈറല്‍ ഓഡിയോയും ചേര്‍ത്ത് അപ്ലോഡ് ചെയ്യുന്നവര്‍ക്കാണ്. ഇത് യഥാര്‍ത്ഥ വീഡിയോ ക്രിയേറ്റേഴ്‌സിനെ പിന്നിലാക്കാറുമുണ്ട്. ഇത്തരക്കാരെ അവഗണിക്കാനാണ് ഇന്‍സ്റ്റഗ്രാമിന്റെ പുതിയ തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

കൂടാതെ ഒറിജിനല്‍ കണ്ടന്റ് ക്രിയേറ്റര്‍മാരെ പ്രോത്സാഹിപ്പിക്കാനുമുള്ള ഫീച്ചറുകള്‍ ഉടനെ അവതരിപ്പിച്ചേക്കും. എല്ലാ വീഡിയോ ക്രിയേറ്റേഴ്‌സിനും വ്യൂവേഴ്‌സിനെ കിട്ടാനുള്ള സുവര്‍ണാവസരമായിരിക്കും ഇത്. ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സ് ഉള്ള അക്കൗണ്ടിന് ഏറ്റവും കൂടുതല്‍ റീച്ച് എന്നതില്‍ മാറ്റം വരുമെന്ന ഗുണവുമുണ്ട്. വീഡിയോകളുടെ പ്രകടനത്തെ അടിസ്ഥാനപ്പെടുത്തിയായിരിക്കും വ്യൂവേഴ്‌സിലേക്ക് എത്തുക. രണ്ടോ അതിലധികമോ സമാനമായ കണ്ടന്റുകള്‍ കണ്ടെത്തുന്നു എന്നിരിക്കട്ടെ, ഒറിജിനല്‍ കണ്ടന്റ് മാത്രമേ ഇന്‍സ്റ്റാഗ്രാം സജസ്റ്റ് ചെയ്യൂ. ഇതിന് പിന്നാലെ ഒറിജിനല്‍ കണ്ടന്റിന് ക്രിയേറ്റര്‍ ലേബല്‍ ആരംഭിക്കാനും ഇന്‍സ്റ്റാഗ്രാം പദ്ധതിയിടുന്നുണ്ട്. സ്ഥിരമായി റീപോസ്റ്റ് ചെയ്യുന്നവരെയാകും ഇന്‍സ്റ്റാഗ്രാം എടുത്തു കളയുക. ചിലപ്പോള്‍ അഗ്രഗേറ്റര്‍ അക്കൗണ്ടുകള്‍ക്ക് പിഴ ചുമത്താനും സാധ്യതയുണ്ട്. അടുത്ത ദിവസങ്ങളിലായി ഈ അപ്‌ഡേറ്റ് നിലവില്‍ വരുമെന്നാണ് സൂചന.