സോറി, യുട്യൂബിന് നോ പ്ലാൻസ് ടൂ ചേഞ്ച്; നല്ല ഒരു വീഡിയോ കാണുമ്പോൾ പരസ്യം വന്നാൽ മൂഡ് പോകുമോ, എങ്കിൽ രക്ഷയില്ല

By: 600007 On: May 3, 2024, 11:36 AM

 


പരസ്യങ്ങൾ കാരണം മനസമാധാനമായി വീഡിയോ കാണാൻ പറ്റില്ലല്ലോ എന്ന് ചിന്തിക്കുന്നവരാണോ നിങ്ങൾ? എന്നാൽ ഒരു കാര്യം പറയാം. ഇതിനൊരു അവസാനമുണ്ടാക്കാൻ യൂട്യൂബിന് പ്ലാനില്ല. മനസിലായില്ല അല്ലേ? ഗൂഗിളിന്റെ ജനപ്രിയ വിഡിയോ ഷെയറിങ് പ്ലാറ്റ്‌ഫോമായി യൂട്യൂബ് കൂടുതൽ പരസ്യങ്ങൾ കാണിക്കാനുള്ള പരിപാടിയിലാണ്. വീഡിയോ കാണിക്കുന്നതിനിടെ ഇടയ്ക്ക് ഒന്നു പോസ് ചെയ്താലും പരസ്യങ്ങൾ കാണേണ്ടി വരും.

പോസ് ചെയ്ത വീഡിയോകളിൽ പരസ്യങ്ങൾ പ്രദർശിപ്പിക്കാനുള്ള പരീക്ഷണം നടത്തിക്കൊണ്ടിരിക്കുകയാണ് യൂട്യൂബ് ഇപ്പോൾ. വരും ആഴ്ചകളിൽ തന്നെ ‘പോസ് ആഡ്സ്’ അപ്ഡേറ്റ് യൂട്യൂബിൽ കണ്ട് തുടങ്ങിയേക്കും. കഴിഞ്ഞ വർഷം യൂട്യൂബിന്‍റെ ബ്രാൻഡ്‌കാസ്റ്റ് ഇവൻ്റിൽ പ്രഖ്യാപിച്ചത് പ്രകാരം സ്മാർട്ട് ടിവികളിലെ യൂട്യൂബ് ആപ്പിൽ പോസ് പരസ്യങ്ങൾ പൈലറ്റ് ടെസ്റ്റിങ്ങിലാണ്. ഈ പരസ്യങ്ങളുടെ ടെസ്റ്റിങ് വിജയകരമാണെന്നും കമ്പനിക്ക് ഏറെ ഗുണം ചെയ്തതായും ഗൂഗിളിൻ്റെ വൈസ് പ്രസിഡൻ്റ് ഫിലിപ്പ് ഷിൻഡ്‌ലർ അഭിപ്രായപ്പെട്ടു.

കണ്ടുകൊണ്ടിരിക്കുന്ന വീഡിയോ ഇടയ്ക്ക് നിർത്തുമ്പോഴാണ് ഈ പരസ്യങ്ങൾ കാണിക്കുക. വിഡിയോ പോസ് ചെയ്യുമ്പോൾ വീഡിയോ ചുരുങ്ങി പരസ്യങ്ങൾ പ്ലെയറിൽ നിറയും. വീഡിയോ വീണ്ടും കണ്ടു തുടങ്ങാനായി  ‘പോസ് പരസ്യം’ നിങ്ങൾ സ്കിപ് ചെയ്യേണ്ടതായി വരും. നിലവിൽ പരസ്യം ഇല്ലാതെ യൂട്യൂബ് വീഡിയോകൾ കാണണമെങ്കിൽ പ്രീമിയം തന്നെ എടുക്കേണ്ടി വരും.

അടുത്ത ഇടയ്ക്കാണ് എഐ ഫീച്ചറുകൾ പരീക്ഷിക്കാനുള്ള നീക്കവുമായി യൂട്യൂബ് രംഗത്തെത്തിയത്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ഉപയോക്താക്കളുടെ അനുഭവം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി എഐയെ പ്രയോജനപ്പെടുത്തി തുടങ്ങിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് യൂട്യൂബും രംഗത്ത് വന്നിരിക്കുന്നത്. ദൈർഘ്യമേറിയ വീഡിയോകൾ സൗകര്യപ്രദമായി കാണുക, വീഡിയോയ്ക്ക് കീഴിലെ കമന്റ് സെക്ഷൻ കൂടുതൽ സജീവമാക്കുക, വിദ്യാഭ്യാസ അധിഷ്ടിത ഉള്ളടക്കത്തിൽ നിന്ന് എളുപ്പം പഠനം സാധ്യമാക്കുക എന്നീ ലക്ഷ്യങ്ങൾക്കായാണ് എഐയെ കമ്പനി കൂട്ട് പിടിക്കുന്നത്. പുതിയ അപ്ഡേഷൻ വരുന്നതോടെ ദൈർഘ്യമേറിയ വീഡിയോ മുഴുവനും കണ്ടിരിക്കുന്ന പരിപാടിക്ക് വിരാമമാകും. വീഡിയോയിലെ രസകരമായ രംഗങ്ങൾ മാത്രം എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഫീച്ചർ സഹായിക്കുമെന്നാണ് നിഗമനം.