നിങ്ങൾക്ക് അമിതമായ ദേഷ്യം വരാറുണ്ടോ ? ഞെട്ടിക്കുന്ന പഠനറിപ്പോർട്ട്

By: 600007 On: May 3, 2024, 11:28 AM

 

ദേഷ്യപ്പെടാത്തവരായി ആരും തന്നെ ഉണ്ടാകില്ല. ചെറിയ കാര്യത്തിന് പോലും അമിതമായി ദേഷ്യപ്പെടുന്നവരാകും ചിലർ. ദേഷ്യം കൂടുമ്പോൾ  സാധനങ്ങൾ വലിച്ചുവാരി എറിയുക, സ്വയം ഉപദ്രവിക്കുക, മറ്റുള്ളവരെ ഉപദ്രവിക്കുക എന്നിവയൊക്കെ ഉണ്ടാകാം.  ദേഷ്യം ശരിക്കും ആരോ​ഗ്യത്തിന് നല്ലതല്ലെന്ന് ഓർക്കുക.

കുറച്ച് മിനിറ്റ് ദേഷ്യപ്പെടുന്നത് പോലും ഹൃദയാഘാതം, സ്ട്രോക്ക് എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് പുതിയ പഠനം പറയുന്നു. അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്.

ദേഷ്യവും ഹൃദയാഘാതവും തമ്മിൽ ബന്ധമുണ്ടെന്ന് പഠനത്തിൽ പറയുന്നു. ചെറിയ ദേഷ്യം പോലും ഹൃദയാരോഗ്യത്തെ വഷളാക്കുമെന്നും ഹൃദ്രോഗങ്ങൾക്കുള്ള സാധ്യത കൂട്ടുന്നതായി ​ഗവേഷകർ പറയുന്നു. കൊളംബിയ യൂണിവേഴ്സിറ്റി ഇർവിംഗ് മെഡിക്കൽ സെൻ്റർ, യേൽ സ്കൂൾ ഓഫ് മെഡിസിൻ, ന്യൂയോർക്കിലെ സെൻ്റ് ജോൺസ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലെ ഗവേഷകരാണ് പഠനം നടത്തിയത്. 280 ആരോഗ്യമുള്ള മുതിർന്നവരിലാണ് പഠനം നടത്തിയത്.

ഇവരെ നാലു ഗ്രൂപ്പുകളായി തിരിക്കുകയും അവരിൽ ദേഷ്യം ഉണർത്തുന്ന സംഭവങ്ങൾ ഓർമിപ്പിക്കുകയും ചെയ്തു. ഇവരുടെ രക്തസാമ്പിളുകൾ ശേഖരിക്കുകയും കോപം വന്നതിനും ശേഷവുമുള്ള രക്തപ്രവാഹവും സമ്മർദവും അളക്കുകയും ചെയ്തു. ദേഷ്യം വന്നവരിൽ രക്തക്കുഴലിൽ കാര്യമായ മാറ്റം വന്നതായി ഗവേഷകർ കണ്ടെത്തിയെന്നും പഠത്തിൽ പറയുന്നു. 

കുറച്ച് മിനിറ്റ് പോലും ദേഷ്യപ്പെടുന്നത് ഹൃദയാഘാതം, സ്ട്രോക്ക് എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുമെന്നും ​ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. അമിത ദേഷ്യം കാർഡിയോവാസ്‌കുലർ സിസ്റ്റത്തെ ബാധിക്കുമെന്നും പിന്നീടത് ഗുരുതരമായ പ്രത്യാഘാതത്തിലേക്ക് നയിക്കുമെന്നും ഗവേഷകർ പറയുന്നു. മനഃശാസ്ത്രപരമായ അവസ്ഥകളും ഹൃദയാരോഗ്യവും തമ്മിലുള്ള സങ്കീർണ്ണമായ ബന്ധം മനസ്സിലാക്കാൻ ഈ പഠനം സഹായിക്കുന്നുവെന്നും ബെയ്‌ലർ കോളേജ് ഓഫ് മെഡിസിനിൽ നിന്നുള്ള ഗ്ലെൻ ലെവിൻ പറഞ്ഞു.