ഇന്റര്‍നെറ്റ് സുരക്ഷ: കുട്ടികള്‍ക്ക് ബോധവത്കരണം നടത്തണമെന്ന് മാതാപിതാക്കളോട് ആവശ്യപ്പെട്ട് ആര്‍സിഎംപി 

By: 600002 On: May 3, 2024, 11:21 AM

 

 

കാനഡയിലെ പ്രവിശ്യകളില്‍ കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇന്റര്‍നെറ്റ് സുരക്ഷയെക്കുറിച്ച് കുട്ടികളുമായി സംസാരിക്കാന്‍ മാതാപിതാക്കളോട് ആര്‍സിഎംപി ആവശ്യപ്പെട്ടു. മാര്‍ച്ച് മുതല്‍ ആറ് വ്യത്യസ്ത ലൈംഗികാതിക്രമ കേസുകളാണ് പോലീസ് റിപ്പോര്‍ട്ട് ചെയ്തത്. അന്വേഷണങ്ങളില്‍ നിരവധി കുറ്റങ്ങള്‍ പോലീസ് ചുമത്തി. 

പല കേസുകളിലും ഇരകളുമായി ബന്ധം സ്ഥാപിക്കാന്‍ പ്രതികള്‍ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളാണ് ഉപയോഗിച്ചതെന്ന് പോലീസ് പറഞ്ഞു. കുട്ടികളെ ലൈംഗികമായി ഉപദ്രവിക്കുന്നതിന് മുമ്പ് അവരെ കൂടിക്കാഴ്ചയ്ക്ക് പ്രേരിപ്പിക്കുകയാണ് പ്രതികള്‍ ചെയ്തിരുന്നത്. 

കുട്ടികള്‍ ഇത്തരത്തില്‍ ഇന്റര്‍നെറ്റ് കുഴികളില്‍ വീഴാതിരിക്കാന്‍ മാതാപിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ടെന്ന് പോലീസ് പറഞ്ഞു. കുട്ടികളുടെ ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ എപ്പോഴും രക്ഷിതാക്കളുടെ ശ്രദ്ധ വേണമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കി. ഓണ്‍ലൈനില്‍ അപരിചിതരുമായി ബന്ധം സ്ഥാപിക്കാനോ വ്യക്തിഗത വിവരങ്ങളോ, സാമ്പത്തിക വിവരങ്ങളോ മറ്റുള്ളവരുമായി പങ്കുവയ്ക്കാനോ കുട്ടികളെ സമ്മതിക്കരുതെന്നും പോലീസ് നിര്‍ദ്ദേശിച്ചു. 

കുട്ടികള്‍ ചൂഷണം ചെയ്യപ്പെടുന്നുണ്ടെങ്കില്‍ അവ റിപ്പോര്‍ട്ട് ചെയ്യാനും രക്ഷിതാക്കള്‍ക്ക് പിന്തുണ നല്‍കാനും നിരവധി സംഘടനകള്‍ ഇപ്പോള്‍ രംഗത്തെത്തുന്നുണ്ട്. CyberTip, Thorn for Parents, Need Help Now, നാഷണല്‍ സെന്റര്‍ ഫോര്‍ മിസ്സിംഗ് ആന്‍ഡ് എക്പ്ലോയിറ്റഡ് ചില്‍ഡ്രന്‍ എന്നിവ ഈ സംഘടനകളില്‍ ഉള്‍പ്പെടുന്നു.