വിമാനയാത്രയുമായി ബന്ധപ്പെട്ട പരാതികള്‍ തീര്‍പ്പാക്കി തീരുമാനം ഓണ്‍ലൈനില്‍ പ്രസിദ്ധീകരിക്കാന്‍ കാനഡ 

By: 600002 On: May 3, 2024, 11:02 AM

 

 

കനേഡിയന്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ഏജന്‍സി(CTA)  വിമാനയാത്രാ പരാതികളെക്കുറിച്ചുള്ള തീരുമാനങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ പുതിയ വെബ്‌പേജ് ആരംഭിച്ചു. കാനഡ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ആക്ടിലെ മാറ്റത്തെ തുടര്‍ന്ന് 2023 സെപ്റ്റംബറില്‍ ആരംഭിച്ച കംപ്ലെയ്ന്റ് റെസൊല്യൂഷന്‍ ഓഫീസിന്റെ ഭാഗമാണിതെന്ന് കനേഡിയന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി മാധ്യമങ്ങളോട് പറഞ്ഞു. ആക്ടില്‍ പറഞ്ഞിരിക്കുന്ന പരിഹാരത്തിന് അര്‍ഹതയുള്ളവരുടെ പ്രശ്‌നങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്. ഈ പരാതികളുടെ തീരുമാനങ്ങള്‍, കൂടാതെ എയര്‍ലൈനുമായി നേരിട്ടോ മധ്യസ്ഥതയിലൂടെയോ പരിഹരിക്കപ്പെടാത്തതോ, യാത്രക്കാര്‍ പിന്‍വലിക്കാത്തതോ ആയ പ്രശ്‌നങ്ങളുടെ പരിഹാരം എന്നിവയാണ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നത്. വെബ്‌പേജ് ഏപ്രില്‍ 30 നാണ് ആരംഭിച്ചത്. ത്രൈമാസത്തില്‍ അപ്‌ഡേറ്റ് ചെയ്യുകയും ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു. 

പൂര്‍ണമായ തീരുമാനമായിരിക്കില്ല ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്യുന്നത്. ഫ്‌ളൈറ്റ് നമ്പര്‍, ഫ്‌ളൈറ്റ് തീയതി, പ്രശ്‌നം, കാരിയറിന്റെ നിയന്ത്രണത്തിലുള്ളതാണോ, സിടിഎയുടെ ഉത്തരവ് എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ മാത്രമാണ് ഡാറ്റബേസില്‍ ഉള്‍പ്പെടുത്തുന്നത്. ചില പരാതികള്‍ സിടിഎ നിരസിച്ചു. മറ്റുള്ളവ ഉപഭോക്താവിന് നഷ്ടപരിഹാരം നല്‍കാന്‍ എയര്‍ലൈനിനോട് ഉത്തരവിടുകയും ചെയ്തു.