ആല്‍ബെര്‍ട്ടയില്‍ നിന്നും എളുപ്പത്തില്‍ അമേരിക്കയിലേക്ക് യാത്ര ചെയ്യാന്‍ പുതിയ പാസഞ്ചര്‍ ട്രെയിന്‍ വരുന്നു. ആല്‍ബെര്‍ട്ടയ്ക്കും മൊണ്ടാനയ്ക്കും ഇടയിലാണ് പാസഞ്ചര്‍ റെയില്‍ ലൈന്‍ നിര്‍ദ്ദേശിക്കപ്പെടുന്നത്. ഇത് സംബന്ധിച്ച് ആല്‍ബെര്‍ട്ട-മൊണ്ടാന പാസഞ്ചര്‍ റെയില്‍ ഫീസിബിളിറ്റി റിപ്പോര്‍ട്ട് ഇന്റഗ്രേറ്റഡ് ട്രാവല്‍ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് പുറത്തിറക്കി. കാല്‍ഗറി നഗരമധ്യത്തില്‍ നിന്നും മൊണ്ടാനയിലെ ലിവിംഗ്സ്റ്റണിലേക്ക് ഏകദേശം 900 കിലോമീറ്റര്‍ ദൂരത്തിലാണ് റെയില്‍ ലൈന്‍ വരുന്നത്.
57 സെറ്റില്‍മെന്റുകളിലൂടെ സഞ്ചരിക്കുന്ന 12 സ്‌റ്റേഷനുകള്‍/ പ്ലാറ്റ്‌ഫോമുകള്‍ ഉള്‍പ്പെടുന്നതാണ് നിര്‍ദ്ദിഷ്ട റൂട്ട്. കാല്‍ഗറി, ഒക്കോടോക്‌സ്, വള്‍ക്കന്‍, ലെത്ത്ബ്രിഡ്ജ്, സ്‌റ്റെര്‍ലിംഗ്, കൗട്ട്‌സ് എന്നിവടങ്ങളില്‍ സ്ഥിതി ചെയ്യുന്ന ആല്‍ബെര്‍ട്ട സ്‌റ്റേഷനുകളും, സ്വീറ്റ് ഗ്രോസ്, ഷെല്‍ബി, ഗ്രേറ്റ് ഫാള്‍സ്, ഹെലീന, ബോസ്മാന്‍, ലിവിംഗ്‌സ്റ്റണ്‍ എന്നിവടങ്ങളില്‍ സ്ഥിതി ചെയ്യുന്ന മൊണ്ടാന സ്‌റ്റേഷനുകളും റൂട്ടുകളില്‍ ഉള്‍പ്പെടുന്നു. അമേരിക്കയിലുള്ളവര്‍ക്ക് ആല്‍ബെര്‍ട്ടയിലെ ബാന്‍ഫ്, കാന്‍മോര്‍, കാല്‍ഗറി തുടങ്ങിയ സ്ഥലങ്ങള്‍ എളുപ്പത്തില്‍ സന്ദര്‍ശിക്കാന്‍ ഈ പുതിയ റൂട്ടുകള്‍ സഹായിക്കുന്നു. അതേസമയം, കാനഡയിലുള്ളവര്‍ക്ക് യെല്ലോസ്‌റ്റോണ്‍ നാഷണല്‍ പാര്‍ക്ക്, ഗ്ലേസിയര്‍ നാഷണല്‍ പാര്‍ക്ക് തുടങ്ങിയ സ്ഥലങ്ങളില്‍ എത്തിച്ചേരാന്‍ എളുപ്പമായിരിക്കും.