ഭവന പ്രതിസന്ധിക്ക് പരിഹാരമായി സെക്കന്‍ഡറി സ്യൂട്ടുകള്‍: ഉടമകള്‍ക്ക് പ്രോത്സാഹനവുമായി ബീസി സര്‍ക്കാര്‍

By: 600002 On: May 3, 2024, 9:22 AM

 

 

പ്രവിശ്യയിലെ ഭവന പ്രതിസന്ധി പരിഹരിക്കുന്നതിനായി സെക്കന്‍ഡറി സ്യൂട്ടുകളുടെ വിതരണം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് മൂന്ന് വര്‍ഷത്തെ പൈലറ്റ് പ്രോഗ്രാം ആരംഭിച്ച് ബ്രിട്ടീഷ് കൊളംബിയ. മാര്‍ക്കറ്റ് മൂല്യത്തേക്കാള്‍ താഴെ വാടകയ്ക്ക് നല്‍കുന്നതിന് പ്രോപ്പര്‍ട്ടിയില്‍ ഒരു സെക്കന്‍ഡറി സ്യൂട്ട് അല്ലെങ്കില്‍ ഒരു യൂണിറ്റ് നിര്‍മിക്കാന്‍ വീട്ടുടമസ്ഥരെ പ്രോത്സാഹിപ്പിക്കുക എന്നത് ലക്ഷ്യമിട്ടാണ് സെക്കന്‍ഡറി സ്യൂട്ട് ഇന്‍സെന്റീവ് പ്രോഗ്രാം അവതരിപ്പിച്ചിരിക്കുന്നത്. കൂടുതല്‍ ബേസ്‌മെന്റ് സ്യൂട്ടുകളോ ലെയിന്‍വേ ഹോമുകളോ നിര്‍മിക്കുന്നതിന് പ്രവിശ്യയില്‍ ചെലവ് കൂടുതലാണെന്ന് പ്രീമിയര്‍ ഡേവിഡ് എബി പറയുന്നു. ഇതിനൊരു പരിഹാരം എന്ന നിലയിലാണ് പുതിയ പ്രോഗ്രാം അവതരിപ്പിച്ചിരിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രോഗ്രാമിന് കീഴില്‍, പ്രൈമറി റെസിഡന്‍സിലേക്ക് ഒരു സെക്കന്‍ഡറി സ്യൂട്ട് കൂട്ടിച്ചേര്‍ക്കുന്നതിന് റെനൊവേഷന്റെ ആകെ ചെലവിന്റെ 50 ശതമാനം വരെ(പരമാവധി 40,000 ഡോളര്‍ വരെ) വാഗ്ദാനം ചെയ്യുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. പുതിയ സ്യൂട്ട് അഞ്ച് വര്‍ഷത്തേക്ക് മാര്‍ക്കറ്റിന് താഴെയുള്ള നിരക്കില്‍ വാടകയ്ക്ക് നല്‍കിയാല്‍ വായ്പയ്ക്ക് ഇളവ് ലഭിക്കും. ഏകദേശം 1,000 ഭവന ഉടമകള്‍ക്ക് വായ്പ നല്‍കാനാണ് പ്രോഗ്രാമില്‍ ലക്ഷ്യമിടുന്നത്. 3,000 പുതിയ മാര്‍ക്കറ്റിന് താഴെയുള്ള വാടക സ്യൂട്ടുകള്‍ നിര്‍മിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.