സംശയാസ്പദമായ ഇടപാടുകള്‍: ടിഡി ബാങ്കിന് 9.2 മില്യണ്‍ ഡോളര്‍ പിഴ ചുമത്തി 

By: 600002 On: May 3, 2024, 7:32 AM

 


കള്ളപ്പണം വെളുപ്പിക്കല്‍, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം നല്‍കല്‍, സംശയാസ്പദമായ ഇടപാടുകളെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കാതിരിക്കുക തുടങ്ങിയ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ടിഡി ബാങ്കിന് സാമ്പത്തിക രഹസ്യാന്വേഷണ ഏജന്‍സി 9.2 മില്യണ്‍ ഡോളര്‍ പിഴ ചുമത്തി. കാനഡയിലെ ഫിനാന്‍ഷ്യല്‍ ട്രാന്‍സാക്ഷന്‍സ് ആന്‍ഡ് റിപ്പോര്‍ട്ട്‌സ് അനാലിസിസ് സെന്ററാണ്(Fintrac) പിഴ ചുമത്തിയത്. കഴിഞ്ഞ വര്‍ഷം ആര്‍ബിസിക്കെതിരെ 7.5 മില്യണ്‍ ഡോളറും സിഐബിസിക്കെതിരെ 1.3 മില്യണ്‍ ഡോളറും ഫിന്‍ട്രാക് പിഴ ചുമത്തിയിരുന്നു. 2022 മാര്‍ച്ച് 1നും 2023 മാര്‍ച്ച് 31 നും ഇടയിലുള്ള അവലോകനത്തിനിടെ അഞ്ചോളം നിയമലംഘനങ്ങള്‍ക്കാണ് ടിഡി ബാങ്കിനെതിരെ പിഴ ചുമത്തിയിരിക്കുന്നത്.  

കള്ളപ്പണം വെളുപ്പിക്കല്‍ വിരുദ്ധ കംപ്ലയന്‍സ് പ്രോഗ്രാമുമായി ബന്ധപ്പെട്ട് നടന്നുകൊണ്ടിരിക്കുന്ന യുഎസ് റെഗുലേറ്ററി അന്വേഷണവുമായി ബന്ധപ്പെട്ട് 450 മില്യണ്‍ ഡോളര്‍ നീക്കിവെച്ചതായി ബാങ്ക് വെളിപ്പെടുത്തിയതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ടിഡിക്കെതിരെ പിഴ ചുമത്തുന്നത്. 

അതേസമയം, അനധികൃത പ്രവര്‍ത്തനങ്ങളെ ഫലപ്രദമായി നിരീക്ഷിക്കാനും കണ്ടെത്താനും റിപ്പോര്‍ട്ട് ചെയ്യാനും തങ്ങളുടെ പ്രോഗ്രാം പര്യാപ്തമല്ലെന്നും പോരായ്മകള്‍ പരിഹരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്നും ടിഡി ബാങ്ക് റിപ്പോര്‍ട്ട് ചെയ്തു.