മന്ത്ര കാനഡയുടെ ആഭിമുഖ്യത്തിൽ വിഷു ആഘോഷിച്ചു

By: 600007 On: May 3, 2024, 12:35 AM

 

 

മലയാളീ അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിന്ദൂസ്  - കാനഡയുടെ (MANTRAH - CANADA) ആഭിമുഖ്യത്തിൽ വിഷു ആഘോഷിച്ചു. ആൽബെർട്ട പ്രൊവിൻസിലെ കാൽഗറി സൗത്ത് വെസ്റ്റിലുള്ള സെഡാർബ്രേ കമ്മ്യൂണിറ്റി ഹാളിൽ വെച്ച് ഏപ്രിൽ 27 ശനിയാഴ്ചയാണ്  ആഘോഷ ചടങ്ങുകൾ നടന്നത്. മന്ത്രയുടെ  പ്രസിഡന്റ് ശ്യാം  ശങ്കർ മന്ത്ര കാനഡയുടെ മുൻപോട്ടുള്ള എല്ലാ  പ്രവർത്തനങ്ങൾക്കും സർവ്വ പിന്തുണ അറിയിക്കുകയും,  ഈ കാലഘട്ടത്തിൽ  സനാതന ധർമ്മം പരിപാലിക്കപ്പെടുന്നതിന്റെ  ആവശ്യകത   എന്താണ് എന്നത് കാനഡയിലെ ഓരോ  മലയാളീ ഹിന്ദു കുടുംബങ്ങളിലേക്കും എത്തിക്കുവാൻ മന്ത്ര കാനഡയുടെ വരുംകാല പ്രവർത്തനങ്ങളിൽ കൂടി കഴിയട്ടെ എന്നും പ്രത്യാശ പ്രകടിപ്പിച്ചു. ഇത്രയധികം  കുടുംബങ്ങളുടെ പങ്കാളിത്തത്തോടുകൂടി കാൽഗറിയിൽ തങ്ങളുടെ ആദ്യ വിഷു ആഘോഷം നടത്താൻ കഴിഞ്ഞത് മന്ത്ര കാനഡയെ സംബന്ധിച്ചിടത്തോളം ഒരു വലിയ നേട്ടമാണെന്നും, വരും ദിനങ്ങളിൽ കാനഡയിലുടനീളമുള്ള കൂടുതൽ മലയാളി കുടുംബങ്ങളെ ഉൾപ്പെടുത്തി കാനഡയിലെ മന്ത്രയുടെ പ്രവർത്തനം സജീവമാക്കുമെന്നും മന്ത്ര-കാനഡയുടെ സംഘാടകർ അറിയിച്ചു. മന്ത്ര നോർത്ത് അമേരിക്കൻ ഡയറക്ടർ ബോർഡ് അംഗം മാധവി  ഉണ്ണിത്താൻ  ദീപം കൊളുത്തി ആരംഭിച്ച  ഭക്തിസാന്ദ്രമായ വിഷു ആഘോഷ ചടങ്ങിൽ  ദേവിതാ ദീപു, നിവേദിതാ  നായർ, സാൻവി നമ്പൂതിരി എന്നിവർ  ഈശ്വര പ്രാർത്ഥന ചൊല്ലി. പ്രവാസ ലോകത്തെ പരിമിതിക്കിടയിൽ ഇവിടെ ഒരുക്കിയ  പ്രത്യേക വിഷുക്കണി  പങ്കെടുത്തവരിൽ ഗൃഹാതുരത്വം ഉളവാക്കി. തുടർന്ന്,  ആഘോഷ പരിപാടിയിൽ പങ്കെടുത്ത കുട്ടികൾക്ക് മന്ത്ര കാനഡയുടെ ചെയർമാൻ അനിൽ മേനോൻ വിഷുകൈനീട്ടം നൽകി. പിന്നീട് നടന്ന വിഭവ സമൃദ്ധമായ വിഷു സദ്യയിൽ ഏകദേശം അൻപതോളം പേർ പങ്കെടുക്കുകയുണ്ടായി.

 

 

സദ്യക്ക് ശേഷം  നടന്ന യോഗത്തിൽ  മന്ത്ര കാനഡയുടെ എക്സിക്യൂട്ടീവ് അംഗം ദീപു പിള്ള, കാനഡ പോലെ വളരെയധികം ഹിന്ദു മലയാളികൾ എത്തികൊണ്ടിരിക്കുന്ന ഒരു രാജ്യത്ത്,  മന്ത്ര എന്ന ഹിന്ദു സംഘടനയുടെ ആവശ്യകതയെക്കുറിച്ചും മന്ത്രയുടെ ഭാവി പരിപാടികളെക്കുറിച്ചും സംസാരിക്കുകയുണ്ടായി.  ചടങ്ങിൽ പങ്കെടുത്തവർക്ക് മന്ത്ര കാനഡയുടെ എക്സിക്യൂട്ടീവ് അംഗം ശ്രീകുമാർ നന്ദി രേഖപ്പെടുത്തി.