നാലുവയസുകാരൻ പൊലീസുദ്യോ​ഗസ്ഥനായി, ഡിപാർട്‍മെന്റിനെ ഒന്നാകെ അഭിനന്ദിച്ച് നെറ്റിസൺസ്

By: 600007 On: May 2, 2024, 1:37 PM

 

 

ഫ്ലോറിഡയിലെ ഒർലാൻഡോ പൊലീസ് ഡിപ്പാർട്ട്‌മെൻ്റിന് ഇപ്പോൾ കുറച്ചൊന്നുമല്ല ആരാധകർ. ഇവിടുത്തെ പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ഉണ്ടായ ഹൃദയസ്പർശിയായ ഒരു പ്രവൃത്തിയാണ് ഇതിനു കാരണം. മരണത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന ഒരു നാലു വയസ്സുകാരന്റെ സ്വപ്നം സാക്ഷാത്കരിച്ച് നൽകാൻ ഒരേ മനസ്സോടെ കൂടെ നിൽക്കുകയായിരുന്നു ഒർലാൻഡോ പൊലീസ് ഡിപ്പാർട്ട്‌മെൻ്റ്. 


സ്റ്റോൺ  ഹിക്‌സ് എന്ന കൊച്ചു മിടുക്കൻ്റെ പൊലീസ് ഉദ്യോഗസ്ഥൻ ആകണമെന്ന സ്വപ്നമാണ് ഇവർ യാഥാർത്ഥ്യമാക്കി നൽകിയത്. 'മേക്ക്-എ-വിഷ് ഫൗണ്ടേഷനുമായി സഹകരിച്ചാണ് ഒർലാൻഡോ പൊലീസ് ഒരു പൊലീസുകാരനായി മാറാൻ സ്റ്റോൺ  ഹിക്‌സിനെ സഹായിച്ചത്. വെറും യൂണിഫോം മാത്രം നൽകിയല്ല ഈ നാലു വയസ്സുകാരനെ പൊലീസ് ഓഫീസർ ആക്കിയത്. ഔപചാരികമായി നടന്ന ചടങ്ങിൽ പൊലീസ് സത്യപ്രതിജ്ഞ ചൊല്ലിക്കൊണ്ടാണ് സ്റ്റോൺ ഹിക്‌സ് പൊലീസ് ഉദ്യോഗസ്ഥനായി അധികാരം ഏറ്റത്. 

സത്യപ്രതിജ്ഞ ചടങ്ങുകളുടെയും പൊലീസ് ഉദ്യോഗസ്ഥനായി സ്റ്റോൺ വാഹനത്തിൽ ഇരിക്കുന്നതിന്റെയും ഒക്കെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ലോകത്തിനു മുഴുവൻ പ്രചോദനമാണ് എന്ന കുറിപ്പോടെയാണ് ഈ ചിത്രങ്ങൾ പങ്കു വച്ചിരിക്കുന്നത്. നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കളാണ് കൊച്ചു മിടുക്കനെ അഭിനന്ദിക്കുകയും ഒർലാൻഡോ പൊലീസ് ഡിപ്പാർട്ട്‌മെൻ്റിന് നന്ദി അറിയിക്കുകയും ചെയ്തത്.

തീർന്നില്ല, ജോലിയിൽ പ്രവേശിച്ച ദിവസം തന്നെ സ്റ്റോൺ ഹിക്‌സ് രണ്ട് കേസുകൾ കൈകാര്യം ചെയ്തു എന്നാണ്  പൊലീസ് ഉദ്യോഗസ്ഥർ പറയുന്നത്. ഒന്ന് ഒരു നായക്കുട്ടിയെ രക്ഷിച്ച് അതിൻറെ ഉടമസ്ഥനെ തിരികെ ഏൽപ്പിച്ചു. രണ്ടാമത്തെ കേസിൽ വിരമിച്ച ഒരു  ഒർലാൻഡോ സിറ്റി സോക്കർ താരത്തിൻ്റെ ജേഴ്സി മോഷണം പോയത് കണ്ടെത്തി അദ്ദേഹത്തിന് തിരികെ നൽകുകയും മോഷ്ടാക്കളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 

ഗുരുതരമായ കിഡ്നി രോഗബാധിതനാണ് സ്റ്റോൺ ഹിക്‌സ്. വലുതാകുമ്പോൾ തനിക്ക് ഒരു പൊലീസ് ഉദ്യോഗസ്ഥൻ ആകണമെന്നതായിരുന്നു ഈ നാലു വയസ്സുകാരന്റെ ആഗ്രഹം. ആ ആഗ്രഹമാണ് ഒർലാൻഡോ പൊലീസ് യാഥാർത്ഥ്യമാക്കി നൽകിയത്.