നോര്‍ത്ത് കാല്‍ഗറി സ്‌കൂളുകളില്‍ കുട്ടികളുടെ തിരക്കേറുന്നു: നിവേദനം തയാറാക്കി രക്ഷിതാക്കള്‍ 

By: 600002 On: May 2, 2024, 12:52 PM

 


നോര്‍ത്ത് കാല്‍ഗറിയിലെ സ്‌കൂളുകളില്‍ പ്രവേശനം നേടാനുള്ള വിദ്യാര്‍ത്ഥികളുടെ എണ്ണം കുത്തനെ വര്‍ധിച്ചത് പ്രതിസന്ധിയാകുന്നു. സ്‌കൂളുകളില്‍ ശേഷിക്കുറവ് കുട്ടികളുടെ എന്റോള്‍മെന്റുകളെ സാരമായി ബാധിക്കുന്നതായി രക്ഷിതാക്കള്‍ ആശങ്കപ്പെടുന്നു. വര്‍ധിക്കുന്ന എന്റോള്‍മെന്റിനെ നേരിടാന്‍ കാല്‍ഗറി സ്‌കൂളുകളില്‍ ആവശ്യത്തിന് സൗകര്യമില്ലെന്ന് ചൂണ്ടിക്കാട്ടി രക്ഷിതാക്കള്‍ ഓണ്‍ലൈന്‍ പെറ്റീഷന്‍ ആരംഭിച്ചിരിക്കുകയാണ്. വാലി ക്രീക്ക് സ്‌കൂള്‍ പാരന്റ് കൗണ്‍സില്‍ അംഗമായ ഷെല്ലി വിയാര്‍ട്ടാണ് യുസിപി സര്‍ക്കാരിനോട് കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ കാല്‍ഗറി-ബെഡിംഗ്ടണ്‍ എംഎല്‍എ അമാന്‍ഡ ചാപ്മാനോട് ആവശ്യപ്പെട്ട് ഓണ്‍ലൈന്‍ പെറ്റീഷന്‍ ആരംഭിച്ചിരിക്കുന്നത്. വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ നിലവാരത്തെ സാരമായി ബാധിക്കുന്ന അടിയന്തര പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തങ്ങള്‍ നിര്‍ബന്ധിതരാണെന്ന് പാരന്റ് കൗണ്‍സിലിന് വേണ്ടി ആരംഭിച്ച നിവേദനത്തില്‍ വിയര്‍ട്ട് പറയുന്നു. 

ശേഷിയേക്കാള്‍ കൂടുതലായി വിദ്യാര്‍ത്ഥികളെ എന്റോള്‍ ചെയ്യുന്ന കാല്‍ഗറി ഹൈസ്‌കൂളിനെക്കുറിച്ച് ആശങ്കകള്‍ ഉയരുന്ന സാഹചര്യത്തിലാണ് നിവേദനം സമര്‍പ്പിക്കാന്‍ ഒരുങ്ങുന്നത്. ഹാര്‍വെസ്റ്റ് ഹില്‍സ് ബൊളിവാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന കാല്‍ഗറിയിലെ നോര്‍ത്ത് ട്രെയില്‍ ഹൈസ്‌കൂളില്‍ ശേഷിയേക്കാള്‍ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ എന്റോള്‍ ചെയ്യുന്നത് പ്രതിസന്ധി തീര്‍ക്കുകയാണ്. 

പെറ്റീഷനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് https://www.change.org/p/join-valley-creek-school-parent-council-in-a-petition-for-educational-action  എന്ന ലിങ്ക് സന്ദര്‍ശിക്കുക.