കാനഡയിലുടനീളം നോറോവൈറസ് വ്യാപിക്കുന്നു; ആരോഗ്യ ജാഗ്രത പാലിക്കാന്‍ വിദഗ്ധരുടെ മുന്നറിയിപ്പ് 

By: 600002 On: May 2, 2024, 11:18 AM

 

കാനഡയിലുടനീളം നോറോ വൈറസ് കേസുകള്‍ വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. പബ്ലിക് ഹെല്‍ത്ത് ഏജന്‍സി ഓഫ് കാനഡയുടെ കണക്കനുസരിച്ച് രാജ്യത്ത് അഞ്ച് വര്‍ഷത്തെ ശരാശരിയെ അപേക്ഷിച്ച് ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട നോറോ വൈറസ് കേസുകളുടെ എണ്ണം വളരെ കൂടുതലാണ്. കാനഡയിലെ മിക്ക പ്രവിശ്യകളിലും നോറോ വൈറസ് കേസുകളുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. എന്താണ് നോറോ വൈറസ്, എന്താണ് ലക്ഷണങ്ങള്‍, എങ്ങനെ പ്രതിരോധിക്കാം എന്നതിനെക്കുറിച്ച് വിദഗ്ധര്‍ പൊതുജനങ്ങള്‍ക്ക് ബോധവത്കരണങ്ങളും മുന്നറിയിപ്പുകളും നല്‍കിക്കൊണ്ടിരിക്കുകയാണ്. 

ഉദര സംബന്ധമായ അസുഖം ഉണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകളാണ് നോറോ വൈറസുകള്‍. ആമാശയത്തിന്റെയും കുടലിന്റെയും ആവരണത്തിന്റെ വീക്കത്തിനും കടുത്ത ഛര്‍ദ്ദി, വയറിളക്കം എന്നിവയ്ക്കും ഈ വൈറസ് കാരണമാകുന്നു. ആരോഗ്യമുള്ളവരില്‍ നോറോ വൈറസ് കാര്യമായി ബാധിക്കില്ലെങ്കിലും ചെറിയ കുട്ടികള്‍, പ്രായമായവര്‍, മറ്റ് അനുബന്ധ രോഗങ്ങളുള്ളവര്‍ എന്നിവരെ ബാധിച്ചാല്‍ ഗുരുതരമാകാന്‍ സാധ്യതയുണ്ട്.

മലിനമായ ജലത്തിലൂടെയും, ഭക്ഷണത്തിലൂടെയുമാണ് രോഗം പകരുന്നത്. രോഗബാധയുള്ള വ്യക്തികളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും രോഗം പടരും. രോഗ ബാധിതനായ ആളിന്റെ വിസര്‍ജ്യം വഴിയും ഛര്‍ദ്ദില്‍ വഴിയും വൈറസ് പടരും. വളരെപ്പെട്ടന്ന് രോഗം പകരുന്നതിനാല്‍ വളരെയേറെ ശ്രദ്ധിക്കണം.

വൈറസ് ബാധിതര്‍ ഡോക്ടറുടെ നിര്‍ദേശാനുസരണം വീട്ടിലിരുന്ന് വിശ്രമിക്കണം. ഒ.ആര്‍.എസ് ലായനി, തിളപ്പിച്ചാറ്റിയ വെള്ളം എന്നിവ നന്നായി കുടിക്കേണ്ടതുമാണ്. ആവശ്യമെങ്കില്‍ ചികിത്സ ലഭ്യമാക്കണം. രോഗം മാറി രണ്ട് ദിവസങ്ങള്‍ വരെ വൈറസ് പടരാന്‍ സാധ്യതയുള്ളതിനാല്‍ രണ്ട് ദിവസം കഴിഞ്ഞ് മാത്രമേ പുറത്തിറങ്ങാന്‍ പാടുള്ളൂ.