സൂര്യഗ്രഹണം: കാനഡയില്‍ 160 ഓളം പേര്‍ക്ക് കണ്ണിന് തകരാര്‍ സംഭവിച്ചു 

By: 600002 On: May 2, 2024, 7:53 AM

 


ഏപ്രില്‍ 8 ന് നടന്ന സൂര്യഗ്രഹണം വീക്ഷിച്ച കാനഡയിലെ 160 ഓളം പേര്‍ക്ക് കണ്ണിന് കേടുപാടുകള്‍ സംഭവിച്ചതായി റിപ്പോര്‍ട്ട്. സമ്പൂര്‍ണ സൂര്യഗ്രഹണം കഴിഞ്ഞ് ഏകദേശം ഒരു മാസത്തിന് ശേഷം സൂര്യഗ്രഹണം വീക്ഷിച്ചവര്‍ക്ക് കണ്ണിന് തകരാര്‍ സംഭവിച്ചതായുള്ള കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ഒന്റാരിയോ അസോസിയേഷന്‍ ഓഫ് ഒപ്‌റ്റോമെറ്റ്‌റിസ്റ്റ്‌സ്(OAO)  പറഞ്ഞു. ഒന്റാരിയോയില്‍ ഏപ്രില്‍ 26 വരെ 118 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി അസോസിയേഷന്‍ അറിയിച്ചു. സോളാര്‍ റെറ്റിനോപ്പതി, കോര്‍ണിയ വീക്കം എന്നിവയാണ് കൂടുതലായും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന പ്രശ്‌നങ്ങള്‍. കോര്‍ണിയയുടെ വീക്കം സാധാരണ കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ സുഖപ്പെടും. എന്നാല്‍ സോളാര്‍ റെറ്റിനോപ്പതി കാഴ്ചശക്തി നഷ്ടപ്പെടുന്നതിന് വരെ കാരണമായേക്കുമെന്ന് അസോസിയേഷന്‍ വക്താവ് പറയുന്നു. 

ക്യുബെക്കില്‍ ഏപ്രില്‍ 29 വരെ ഗ്രഹണവുമായി ബന്ധപ്പെട്ട് 45 നേത്ര പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതേസമയം, നോവസ്‌കോഷ്യ, ന്യൂബ്രണ്‍സ്‌വിക്ക് എന്നീ പ്രവിശ്യകളില്‍ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സൂര്യഗ്രഹണ സമയത്ത് നഗ്ന നേത്രങ്ങള്‍ കൊണ്ട് സൂര്യനെ വീക്ഷിക്കരുതെന്നും എക്ലിപ്‌സ് ഗ്ലാസുകള്‍ ധരിക്കണമെന്നും വിവിധ ആരോഗ്യ സംഘടനകള്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.