എഡ്മന്റണ്‍, വിന്നിപെഗ് ഡ്രൈവ്-ബൈ വെടിവെയ്പ്; പ്രതി കസ്റ്റഡിയില്‍ നിന്ന് വിട്ടയച്ച ശേഷം ഇന്ത്യയിലേക്ക് രക്ഷപ്പെട്ടതായി പോലീസ്

By: 600002 On: May 1, 2024, 6:07 PM

 

 


പോലീസ് കസ്റ്റഡിയില്‍ നിന്നും വിട്ടയച്ച 2023 ഡിസംബറില്‍ എഡ്മന്റണിലെ ഷെര്‍വുഡ് പാര്‍ക്ക്, വിന്നിപെഗ് എന്നിവടങ്ങളില്‍ നടന്ന മൂന്ന് ഡ്രൈവ്-ബൈ വെടിവെയ്പ്പിലെ പ്രതി ഇന്ത്യയിലേക്ക് കടന്നതായി പോലീസ്. പ്രതിയായ 19കാരന്‍ അര്‍ജുന്‍ സാഹ്നാന് വേണ്ടി എഡ്മന്റണ്‍ പോലീസ് സര്‍വീസ് കാനഡയിലുടനീളം വാറണ്ട് പുറപ്പെടുവിച്ചിരുന്നു. വിന്നിപെഗിലുണ്ടായ വെടിവയ്പ്പിനു മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്ത വിമാനത്തിലാണ് അര്‍ജുന്‍ ഇന്ത്യയിലേക്ക് പോയത്. 

ഇപിഎസ്, സറേ ആര്‍സിഎംപി, പീല്‍ റീജിയണല്‍ പോലീസ് എന്നിവയുടെ സംയുക്ത ശ്രമമായ പ്രോജക്ട് ഗ്യാസ്‌ലൈറ്റ് വഴിയാണ് പ്രതിയെ അന്വേഷിക്കുന്നത്. ദക്ഷിണേഷ്യന്‍ ബിസിനസ്സുകളെ ലക്ഷ്യം വെച്ചുള്ള കവര്‍ച്ചയും കൊള്ളയടിക്കലുകളുമായി വെടിവയ്പ്പുകള്‍ ബന്ധപ്പെട്ടിരിക്കാമെന്നാണ് പോലീസ് വിശ്വസിക്കുന്നത്. മൂന്ന് വെടിവയ്പ്പുകളിലും ഒരേ തോക്കാണ് ഉപയോഗിച്ചതെന്ന് പോലീസ് പറയുന്നു. 

എഡ്മന്റണ്‍ പോലീസിന്റെ അന്വേഷണത്തിന്റെ തുടക്കത്തില്‍ അറസ്റ്റിലായ ആറ് പേരില്‍ ഒരാളാണ് അര്‍ജുന്‍. 2023 ഡിസംബര്‍ 30 ന് വാഹനം നിര്‍ത്തുന്നതിനിടെ അഞ്ച് തോക്കുകളുമായി ബന്ധപ്പെട്ട കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്.