താഴത്തില്ലെടാ, പ്രേക്ഷകരെ ത്രസിപ്പിച്ച് പുഷ്പ രാജിന്റെ രണ്ടാം എൻട്രി, ഫഹദിനായി കാത്ത് മലയാളികൾ

By: 600007 On: May 1, 2024, 5:25 PM

 

ആരാധകരുടെയും സിനിമാപ്രേമികളുടെയും കാത്തിരിപ്പിന് വിരാമമിട്ട് അല്ലു അർജുൻ ചിത്രം പുഷ്പ 2വിന്റെ ആദ്യ ഗാനം പുറത്തിറങ്ങി. ലോക തൊഴിലാളി ദിനത്തോട് അനുബന്ധിച്ചാണ് ​ഗാനം റിലീസ് ചെയ്തിരിക്കുന്നത്. 'നിന്റെ കയ്യാണ് നിന്റെ ബ്രാൻഡ്' എന്ന ടാഗ് ലൈനോടെ എത്തിയ 'പുഷ്പ പുഷ്പ' എന്നുതുടങ്ങുന്ന ഗാനത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത് ദേവി ശ്രീ പ്രസാദാണ്. 

വിവിധ ഭാഷകളിൽ പുറത്തിറങ്ങിയ ഗാനം  ആലപിച്ചിരിക്കുന്നത് തെലുങ്കിലും തമിഴിലും നകാഷ് അസീസ്‌ & ദീപക് ബ്ലൂ, മലയാളത്തിൽ രഞ്ജിത്ത് കെ ജി, ഹിന്ദിയിൽ മിക്കാ സിങ്ങ് & ദീപക് ബ്ലൂ, കന്നഡയിൽ വിജയ്‌ പ്രകാശ്, ബംഗാളിയിൽ തിമിര്‍ ബിശ്വാസ് എന്നിവരാണ്. ആരാധകര്‍ക്ക് ആഘോഷിക്കാന്‍ ഉതകുന്ന തരത്തിലുള്ള ഒരു ഗാനമാണ് ദേവി ശ്രീ പ്രസാദ് ഒരുക്കിയിരിക്കുന്നത്. ആഗോള തലത്തില്‍ ഏറെ ശ്രദ്ധ നേടാന്‍ സാധ്യതയുള്ള ചിത്രമാണ് പുഷ്പ 2 എന്നാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്.  

2024 ഓഗസ്റ്റ്‌ 15നു സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ചാണ് പുഷ്പ 2 തീയറ്ററുകളിലെത്തുക. 2021ല്‍ പുറത്തിറങ്ങി എല്ലാ രീതിയിലും ഒരു പാന്‍-ഇന്ത്യന്‍ ചിത്രം എന്ന വിളിപ്പേരിന് അര്‍ഹമായ പുഷ്പയുടെ രണ്ടാം ഭാഗമായാണ് പുഷ്പ 2 എത്തുന്നത്. പുഷ്പയിലെ മാസ് ഡയലോഗുകളും ഗാനങ്ങളും ഇന്ത്യ ഉടനീളമുള്ള സിനിമാപ്രേമികള്‍ ആഘോഷമാക്കിയിരുന്നു.