ഒരിക്കൽ അതിസമ്പന്ന ന​ഗരം, ഇന്ന് ആളുകൾ അന്തിയുറങ്ങുന്നത് ശ്മശാനങ്ങളിൽ

By: 600007 On: May 1, 2024, 5:14 PM

 


ഇം​ഗ്ലണ്ടിൽ പള്ളിമുറ്റങ്ങളിലും ശ്മശാനങ്ങളിലും താമസിച്ച് ആളുകൾ. കനത്ത ദാരിദ്ര്യത്തെ തുടർന്നാണ് ഇം​ഗ്ലണ്ടിലെ കോൺവാളിലുള്ള കാംബോൺ എന്ന ന​ഗരത്തിൽ ആളുകൾക്ക് ഇങ്ങനെ ശ്മശാനങ്ങളിലടക്കം കഴിയേണ്ടി വരുന്നത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. താല്ക്കാലിക ക്യാബിനുകളിലും ടെന്റുകളിലുമാണ് ആളുകൾ താമസിക്കുന്നത്. ചിലരെ പഴയ സാൽവേഷൻ ആർമി ഹോട്ടലുകളിലേക്ക് മാറ്റിയതായും റിപ്പോർട്ടുകൾ പറയുന്നു. 

പ്രദേശത്ത് കൂടിവരുന്ന ഗുണ്ടായിസം, വ്യാപകമായ മയക്കുമരുന്ന് ഉപയോഗം എന്നിവയെക്കുറിച്ചെല്ലാം നിരന്തരം നാട്ടുകാർ പരാതി ഉന്നയിക്കുന്നുണ്ട്. ഇതേ തുടർന്ന് ന​ഗരത്തിലെ പൊലീസുകാർ പോലും യൂണിഫോം ധരിച്ച ബൗൺസർമാരുടെ സഹായം തേടുകയാണത്രെ. 


ന​ഗര പര്യവേക്ഷകൻ ജോ ഫിഷ് പറയുന്നത്, "ഒരു കാലഘട്ടത്തിൽ, കോൺവാളിൻ്റെ ഈ പ്രദേശം ലോകത്തിലെ ഏറ്റവും സമ്പന്നമായ സ്ഥലങ്ങളിൽ ഒന്നായിരുന്നു. എന്നാൽ, ഇപ്പോഴിത് യൂറോപ്പിലെ ഏറ്റവും ദരിദ്രമായ സ്ഥലങ്ങളിൽ ഒന്നായിരിക്കുന്നു" എന്നാണ്. സാധാരണ ഉപേക്ഷിക്കപ്പെട്ട ന​ഗരങ്ങളും മറ്റുമാണ് ജോ ഫിഷ് പര്യവേക്ഷണം ചെയ്യുന്നത്. 

ഹൈസ്ട്രീറ്റിലെ കടകളിൽ 20 ശതമാനത്തിനും 30 ശതമാനത്തിനും ഇടയിൽ സുരക്ഷയ്ക്കായി ബോർഡുകൾ കൊണ്ട് മറച്ചിരിക്കുകയാണ് എന്നാണ് ഫിഷ് പറയുന്നത്. ബാക്കിയുള്ളവ, മിക്കവാറും നശിച്ച അവസ്ഥയിലാണ്. ഒഴിഞ്ഞ ബിയർ ക്യാനുകളും മറ്റും ഇവിടെയെല്ലാം ചിതറിക്കിടക്കുന്നത് കാണാം. അതുപോലെ നിറഞ്ഞ ചവറ്റുകുട്ടകളാണ് നഗരത്തിലെങ്ങും. 

ജോ ഫിഷ് പറയുന്നതനുസരിച്ച്, ഹൈ സ്ട്രീറ്റിന് തൊട്ടുപിന്നിലായി ഇരുവശത്തും മതിലുകളുള്ള ഒരു ഇടുങ്ങിയ തെരുവുണ്ട്. മയക്കുമരുന്ന് സാമഗ്രികൾ കൊണ്ട് ഇവിടം നിറഞ്ഞിരിക്കുകയാണ്. നിരോധിത മയക്കുമരുന്ന് ഉത്പാദിപ്പിക്കാനും ഒളിപ്പിച്ചു വയ്ക്കാനും വേണ്ടിയാണ് ഇവിടം ഉപയോ​ഗിക്കുന്നത്. 

ഈ ദാരിദ്ര്യവും പ്രതിസന്ധികളും പരിഹരിക്കാൻ ഇംഗ്ലണ്ടിലെ ഈ പ്രദേശത്തിന് യൂറോപ്യൻ യൂണിയനിൽ നിന്ന് പണം ലഭിച്ചതായും ഫിഷ് പറഞ്ഞു. എന്നാൽ, ബ്രെക്‌സിറ്റിന് ശേഷം സബ്‌സിഡികൾ ഇല്ലാതായി എന്നും നഗരം ശരിക്കും ബുദ്ധിമുട്ടുകയാണ് എന്നും അദ്ദേഹം പറയുന്നു.