ആല്‍ബെര്‍ട്ടയില്‍ വാഹനാപകട മരണങ്ങളില്‍ 25 ശതമാനത്തിലധികവും അശ്രദ്ധമായ ഡ്രൈവിംഗ് മൂലം: റിപ്പോര്‍ട്ട് 

By: 600002 On: May 1, 2024, 10:15 AM

 


ആല്‍ബെര്‍ട്ടയിലുണ്ടാകുന്ന വാഹനാപകട മരണങ്ങളില്‍ 25 ശതമാനത്തിലധികവും അശ്രദ്ധമായ ഡ്രൈവിംഗ് മൂലമാണെന്ന് റിപ്പോര്‍ട്ട്. ട്രാന്‍സ്‌പോര്‍ട്ട് കാനഡ, ആല്‍ബെര്‍ട്ട ഗവണ്‍മെന്റ്, സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ, കനേഡിയന്‍ ഓട്ടോമൊബൈല്‍ അസോസിയേഷന്‍ എന്നിവയില്‍ നിന്നും ശേഖരിച്ച കണക്കുകള്‍ പ്രകാരം ഹെലോസേഫ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ അശ്രദ്ധയോടെയുള്ള ഡ്രൈവിംഗ് കാരണം ആല്‍ബെര്‍ട്ടയില്‍ 2021 ല്‍ 76 പേര്‍ മരിച്ചതായി കണ്ടെത്തി. 2022 ല്‍ അശ്രദ്ധമായ ഡ്രൈവിംഗുമായി ബന്ധപ്പെട്ട് പ്രവിശ്യയില്‍ 13,898 കേസുകളില്‍ നിന്നായി 3,988,726 ഡോളര്‍ പിഴ ചുമത്തി. 

കാനഡയിലെ വാഹനാപകട മരണങ്ങളില്‍ 19.7 ശതമാനവും അശ്രദ്ധയോടെയുള്ള ഡ്രൈവിംഗ് മൂലമാണ്. എല്ലാ കനേഡിയന്‍ പ്രവിശ്യകളിലും അശ്രദ്ധമായി വാഹനമോടിക്കുന്നതിന് ലഭിക്കുന്ന ശിക്ഷ വളരെ കുറവാണെന്നും ഹെലോസേഫ് പറയുന്നു. ആല്‍ബെര്‍ട്ടയില്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ക്കുള്ള ശിക്ഷ 287 ഡോളര്‍ പിഴയും മൂന്ന് ഡീമെറിറ്റുകളും മാത്രമാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.