കാല്‍ഗറിയിലെയും എഡ്മന്റണിലെയും ലോ ഇന്‍കം ട്രാന്‍സിറ്റ് പാസിനുള്ള ധനസഹായം ആല്‍ബെര്‍ട്ട സര്‍ക്കാര്‍ വെട്ടിക്കുറയ്ക്കുന്നു 

By: 600002 On: May 1, 2024, 9:48 AM

 

 

കാല്‍ഗറിയിലെയും എഡ്മന്റണിലെയും കുറഞ്ഞ വരുമാനക്കാരായ ആളുകള്‍ക്ക് പ്രതിമാസ ട്രാന്‍സിറ്റ് പാസുകളില്‍ ഇളവ് നല്‍കുന്ന പ്രോഗ്രാം വഴി പ്രവിശ്യാ സര്‍ക്കാരില്‍ നിന്നുള്ള ധനസഹായത്തില്‍ സാമ്പത്തിക നഷ്ടം ഉണ്ടാകുന്നതായി സിറ്റി കൗണ്‍സിലര്‍മാര്‍. കാല്‍ഗറിയിലെ പ്രോഗ്രാമിനായി പ്രതിവര്‍ഷം 4.5 മില്യണ്‍ ഡോളര്‍ ധനസഹായം ഉള്‍പ്പെടുന്നു. താഴ്ന്ന വരുമാനമുള്ള വയോജനങ്ങള്‍ക്കുള്ള വാര്‍ഷിക പാസിനെ പിന്തുണയ്ക്കുന്നതിനായി 1.7 മില്യണ്‍ ഡോളര്‍ അധിക സഹായം 2023 ല്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കാല്‍ഗറിയില്‍ നിന്നും 6.2 മില്യണ്‍ ഡോളര്‍ പ്രവിശ്യ സര്‍ക്കാര്‍ തിരിച്ചെടുക്കുന്നതായി സിറ്റി ആരോപിക്കുന്നു. അഫോര്‍ഡബിളിറ്റി ക്രൈസിസിനിടയില്‍ പാസിനുള്ള ധനസഹായം വെട്ടിക്കുറയ്ക്കാന്‍ പ്രവിശ്യ സര്‍ക്കാര്‍ തീരുമാനിക്കുന്നതില്‍ ആശങ്കയുണ്ടെന്ന് മേയര്‍ ജ്യോതി ഗോണ്ടെക് പ്രസ്താവനയില്‍ പറഞ്ഞു. 

ആശുപത്രികള്‍, സ്‌കൂളുകള്‍, ഓഫീസ് എന്നിവടങ്ങളിലേക്ക് പോകാനും മറ്റും യാത്രക്കാര്‍ കൂടുതലായും ട്രാന്‍സിറ്റിനായാണ് ആശ്രയിക്കുന്നത്. മാര്‍ച്ച് മാസത്തില്‍ 119,000 പാസുകളാണ് ഇഷ്യു ചെയ്തത്. കുറഞ്ഞ വരുമാനമുള്ള, ദാരിദ്ര്യ രേഖയ്ക്ക് താഴെ ജീവിക്കുന്ന കാല്‍ഗേറിയക്കാര്‍ക്ക് ഈ പാസ് വളരെ ഉപകാരപ്രദമാണ്. ഇതിനുള്ള ധനസഹായം കുറയ്ക്കുന്നത് പ്രതിസന്ധി സൃഷ്ടിക്കുമെന്നും ഗോണ്ടെക് ചൂണ്ടിക്കാട്ടി. 

2005ലാണ് ലോ-ഇന്‍കം ട്രാന്‍സിറ്റ് പാസ്(LITP) പ്രോഗ്രാം കാല്‍ഗറിയില്‍ ആരംഭിക്കുന്നത്. 2017 മുതല്‍ ആല്‍ബെര്‍ട്ട സര്‍ക്കാര്‍ പ്രോഗ്രാമിന് ഭാഗികമായി ധനസഹായം നല്‍കുന്നുണ്ട്. എഡ്മന്റണിലും പ്രോഗ്രാം നന്നായി ഉപയോഗപ്പെടുത്തുന്നുണ്ട്. സര്‍ക്കാരിന്റെ ഈ തീരുമാനത്തോട് യോജിക്കാനാകില്ലെന്ന് എഡ്മന്റണ്‍ മേയര്‍ അമര്‍ജീത് സോഹിയും പ്രതികരിച്ചു.