ഓരോ പോസ്റ്റിനും 1000 ഡോളർ പിഴ, വിചാരണക്കിടെ കേസിനേക്കുറിച്ചുള്ള പരാമർശം, ട്രംപിന് പിഴയിട്ട് കോടതി

By: 600007 On: May 1, 2024, 9:40 AM

 

 

ന്യൂയോർക്ക്: മുൻ അമേരിക്കൻ  പ്രസിഡന്റ് ഡോണൾഡ് ട്രംപിന് പിഴയിട്ട് കോടതി. ക്രിമിനൽ കേസിൽ വിചാരണ നടക്കുന്നതിനിടെ കേസിനെക്കുറിച്ചുള്ള പരാമർശങ്ങൾ പാടില്ലെന്ന കോടതി നിർദ്ദേശം നിരന്തരം ലംഘിച്ചതിനാണ് നടപടി. കേസിലെ സാക്ഷികളെയും മറ്റുള്ളവരെയും വിമർശിച്ച് ട്രംപ് എഴുതിയ ഓരോ പോസ്റ്റിനും ആയിരം ഡോള‌ർ വീതമാണ് പിഴയിട്ടിരിക്കുന്നത്. 9000 ഡോളറാണ് (ഏകദേശം 751642 രൂപ) പിഴയൊടുക്കേണ്ടത്.  ഈ ആഴ്ച അവസാനത്തിന് മുൻപ് പിഴയൊടുക്കണമെന്നും കോടതി വ്യക്തമാക്കി. 

കൃത്യമായ ധാരണയോടെയാണ് കോടതി നിർദ്ദേശം ട്രംപ് മറികടന്നതെന്നും കോടതി നിരീക്ഷിച്ചു. ഇത്തരത്തിലുള്ള നടപടി കോടതി വച്ചുപൊറുപ്പിക്കില്ലെന്നും ന്യൂയോർക്ക് ജഡ്ജ് ജുവാൻ മെർക്കൻ വ്യക്തമാക്കി. കോടതിയിൽ വച്ച് ജഡ്ജിന്റെ തീരുമാനത്തേക്കുറിച്ച് ഇനിയും ട്രംപ് പ്രതികരിച്ചിട്ടില്ല. എന്നാൽ ചൊവ്വാഴ്ച കേസുമായി ബന്ധപ്പെട്ട് അപകീർത്തികരമായ ഏഴ് കുറിപ്പുകൾ ട്രംപ് സമൂഹമാധ്യമങ്ങളിൽ നിന്ന് പിൻവലിച്ചിരുന്നു.

ഇത് കൂടാതെ തെരഞ്ഞെടുപ്പ് പ്രചാരണ സൈറ്റിൽ നിന്ന് ട്രംപ് രണ്ട് പോസ്റ്റുകളും കോടതി ഉത്തരവിന് പിന്നാലെ പിൻവലിച്ചിട്ടുണ്ട്. ഇനി ഇത്തരം നടപടിയുണ്ടായാൽ ജയിലിൽ അടയ്ക്കുമെന്നും ഹഷ് മണി ട്രയലിന് മേൽനോട്ടം വഹിക്കുന്ന കോടതി ജഡ്ജി  ട്രംപിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ബിസിനസ് രേഖകളിൽ കൃത്രിമം കാണിച്ചതിനാണ് ട്രംപ് വിചാരണ നേരിടുന്നത്.