ഗാസയിൽ 40 ദിവസം താൽക്കാലിക വെടിനിർത്താൻ ഇസ്രയേൽ നിർദേശം; വിട്ടുവീഴ്ച ചെയ്യാൻ ഹമാസിനുമേൽ സമ്മർദം

By: 600007 On: May 1, 2024, 3:30 AM

 

ജറുസലം: നാൽപതോളം ബന്ദികളുടെ മോചനത്തിനു പകരമായി ഗാസയിൽ 40 ദിവസം താൽക്കാലിക വെടിനിർത്തൽ നടപ്പാക്കാമെന്ന് ഇസ്രയേൽ നിർദേശിച്ചു. ഇതിനോടു ഹമാസ് അനുകൂലമായി പ്രതികരിച്ചാൽ കയ്റോ ചർച്ച വിജയത്തിലേക്കു നീങ്ങുമെന്നാണു സൂചന. എന്നാൽ, ഗാസയിൽ സ്ഥിരമായ വെടിനിർത്തലും ഇസ്രയേൽ സൈന്യത്തിന്റെ പിന്മാറ്റവുമാണു ഹമാസിന്റെ മുഖ്യആവശ്യം. വിട്ടുവീഴ്ച ചെയ്യാൻ ഹമാസിനുമേൽ മധ്യസ്ഥരായ ഈജിപ്തും ഖത്തറും സമ്മർദം ചെലുത്തുന്നുണ്ട്.

റിയാദിൽ നടക്കുന്ന വേൾഡ് ഇക്കണോമിക് ഫോറത്തിനിടെ, യുദ്ധാനന്തര ഗാസ സംബന്ധിച്ച പദ്ധതികൾ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ അറബ് നേതാക്കളുമായി ചർച്ച ചെയ്തു. വെടിനിർത്തൽ കരാർ അംഗീകരിച്ചാൽ, ഇസ്രയേലിൽ നെതന്യാഹു സർക്കാരിനുള്ള പിന്തുണ പിൻവലിക്കുമെന്ന ഭീഷണി തീവ്രവലതുപക്ഷ കക്ഷികൾ ആവർത്തിച്ചു.