പ്രവിശ്യയ്ക്ക് അനന്തമായ സാധ്യതകള്‍ തുറന്നുനല്‍കുന്ന പാസഞ്ചര്‍ റെയില്‍വേ സംവിധാനത്തിന്റെ വികസനത്തിന് പുതിയ പദ്ധതികള്‍ അവതരിപ്പിച്ച് ആല്‍ബെര്‍ട്ട സര്‍ക്കാര്‍. പ്രീമിയര്‍ ഡാനിയേല്‍ സ്മിത്ത്, ട്രാന്‍സ്‌പോര്‍ട്ടേഷന്‍ മിനിസ്റ്റര്‍ ഡെവിന്‍ ഡ്രീഷന്‍ എന്നിവര്‍ പാസഞ്ചര്‍ റെയില്‍ മാസ്റ്റര്‍ പ്ലാന്‍ അനാച്ഛാദനം ചെയ്തു. കാല്‍ഗറിയില്‍ നിന്നും അയല്‍ കമ്മ്യൂണിറ്റികളെ ബന്ധിപ്പിക്കുകയും കാല്‍ഗറി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും ഡൗണ്‍ടൗണിലേക്കും ബന്ധിപ്പിക്കുകയും ചെയ്യുന്ന റെയില്‍വേ, എഡ്മന്റണനെയും അയല്‍ കമ്മ്യൂണിറ്റികളെയും ബന്ധിപ്പിക്കുന്ന റെയില്‍ സിസ്റ്റം, കാല്‍ഗറി, എഡ്മന്റണ്‍ എന്നിവടങ്ങളില്‍ നിന്നും ദേശീയ ഉദ്യാനങ്ങളിലേക്കുള്ള റീജിയണല്‍ റെയില്‍ ലൈന്‍സ് തുടങ്ങിയവയാണ് മാസ്റ്റര്‍ പ്ലാനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
കൂടാതെ റെയില്‍ നെറ്റ്‌വര്‍ക്കുമായി ബന്ധപ്പെട്ട ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിനും ഇന്‍ഫ്രാസ്ട്രക്ചര്‍ വികസിപ്പിക്കുന്നതിനുമായി ആല്‍ബെര്‍ട്ടയുടെ നേതൃത്വത്തില്‍ 'മെട്രോലിങ്ക്‌സ്' പോലെയുള്ള ക്രൗണ്‍ കോര്‍പ്പറേഷന്‍ അവതരിപ്പിക്കാനും പദ്ധതിയുണ്ട്. 2027 ല്‍ റെയില്‍ വേ വികസന പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.